ജീവിതപോരാട്ടം നിലച്ചു, ചിത്രലേഖ വിടവാങ്ങി

കണ്ണൂർ: ജാതി വിവേചനത്തെ തുടർന്ന് ഓട്ടോറിക്ഷ ഓടിച്ചു ജിവിക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് സി.പി.എമ്മുമായി നിരന്തരം ഏറ്റുമുട്ടിയ ചിത്രലേഖ (48) നിര്യാതയായി.പാൻക്രിയാസിലെ അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് 9 മണിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം 10.30ന് പയ്യാമ്പലത്ത്.
2004 മുതലാണ് ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ചിത്രലേഖ ഏറ്റുമുട്ടൽ തുടങ്ങിയത്. 2005, 2023 വർഷങ്ങളിൽ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂർ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ കളക്ടറേറ്റിനു മുൻപിലും പിന്നീട് സെക്രട്ടറിയേറ്റിനു മുൻപിലും ചിത്രലേഖ ആഴ്ചകളോളം സമരം നടത്തിയിരുന്നു. 2016ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ ചിത്രലേഖയ്ക്കു ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ അഞ്ചു സെന്റ് സ്ഥലം അനുവദിച്ചു. സ്ഥലം നൽകാൻ യു.ഡി.എഫ് സർക്കാരെടുത്ത തീരുമാനം 2018ൽ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കി. സർക്കാർ അനുവദിച്ച ഭൂമിയിൽ വീട് നിർമ്മാണം പാതിവയിലെത്തിയപ്പോഴായിരുന്നു ഇത്. സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. നിർമ്മാണം നടന്നുവരുന്ന വീടിനോടു ചേർന്നുള്ള ഷെഡിൽ ചിത്രലേഖ വീണ്ടും സമരം തുടങ്ങി. കോടതിയെ സമീപിച്ച് സർക്കാർ നടപടിക്കു സ്റ്റേ വാങ്ങിയാണു ചിത്രലേഖ വീടു പണിതത്. ഇതിനിടയിലാണ് 2023ൽ ചിത്രലേഖയുടെ ഓട്ടോ വീണ്ടും അഗ്നിക്കിരയാക്കുന്നത്.
ഭർത്താവ് ശ്രീഷ്‌കാന്ത്. മക്കൾ: മനു, മേഘ. മരുമകൻ: ജിജി.
Source link