ലബനനിൽ സമാധാനത്തിനായി അഭ്യർഥിച്ച് ബിഷപ് മൗനിർ ഖെയ്രള്ള
വത്തിക്കാൻ: രാജ്യത്തു സമാധാനത്തിനായി അഭ്യർഥിച്ച് വികാരാധീനനായി ലബനൻ ബിഷപ് മൗനിർ ഖെയ്രള്ള. സിനഡാലിറ്റിയെ അധികരിച്ചു വത്തിക്കാനിൽ നടന്നുവരുന്ന മെത്രാൻ സിനഡിന്റെ ഇന്നലത്തെ പ്രസ് ബ്രീഫിംഗിലാണു ബിഷപ് വികാരാധീനനായത്. അക്രമത്തിന്റെയും ക്ഷമയുടെയും വ്യക്തിപരമായ അനുഭവം പങ്കുവച്ച അദ്ദേഹം തനിക്ക് അഞ്ചു വയസുള്ളപ്പോൾ തന്റെ മാതാപിതാക്കൾ കൊല്ലപ്പെട്ട വിവരവും പങ്കുവച്ചു. നിരന്തരമായ സംഘട്ടനങ്ങൾക്കിടയിലും ലബനീസ് ജനത വെറുപ്പും വിദ്വേഷവും പ്രതികാരവും തള്ളിക്കളയുന്നതായി ബിഷപ് പറഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും സമാധാനം ആഗ്രഹിക്കുന്നു. പ്രതികാരനടപടികൾ അവസാനിപ്പിക്കണം. സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം. വരും തലമുറകൾക്കുവേണ്ടിയെങ്കിലും സമാധാനം കെട്ടിപ്പടുക്കാം. മതതീവ്രവാദത്തെ എല്ലാ മതങ്ങളും ഏകകണ്ഠമായി അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക സമാധാനത്തിനായി സിനഡ് ജനറൽ അസംബ്ലി അടിയന്തര ആഹ്വാനം നൽകുന്നതായി സിനഡ് ഇൻഫർമേഷൻ കമ്മീഷൻ പ്രസിഡന്റ് പൗലോ റുഫിനിയും സെക്രട്ടറി ഷെയ്ല ലിയോകാഡിയ പിരെസും പറഞ്ഞു.
നിർഭാഗ്യവശാൽ, ക്രിസ്ത്യൻ മൂല്യങ്ങൾക്കു നിരക്കാത്ത നിരവധി രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങൾ ഉള്ളതിനാൽ സമാധാനം കെടുത്തുന്ന അക്രമസംഭവങ്ങളിൽ ലോകം നിശബ്ദത പാലിക്കുകയോ പച്ചക്കൊടി കാണിക്കുകയോ ചെയ്യുന്നു.-ഇരുവരും ചൂണ്ടിക്കാട്ടി. തങ്ങളുടെ രാജ്യം വലിയ അരക്ഷിതാവസ്ഥയിലാണെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഹെയ്തിയിലെ ആർച്ച്ബിഷപ് ലോണെ സറ്റുർനെ പറഞ്ഞു. സിനഡിൽ കഴിഞ്ഞദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. സിനഡിന്റെ അടുത്തഘട്ട ചർച്ചകൾ നാളെ ആരംഭിക്കും. ഹമാസ് ഭീകരർ ഇസ്രയേലിനെ ആക്രമിച്ചതിന്റെ ഒന്നാം വാർഷികദിനമായ നാളെ ലോക സമാധാനത്തിനായി ഉപവാസ, പ്രാർഥനാദിനമായി ആചരിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്.
Source link