പൂക്കോട് (വയനാട്): പൂക്കോട് വെറ്ററിനറി കോളേജ് ഇന്നലെ ശാന്തമായിരുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ എത്തിയപ്പോൾ തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴുക്കൽ എം.ആർ.എസ് ഭവനിൽ എം.ഷിബു ഒരു നിമിഷം നിന്നു. കറുത്ത പെയിന്റടിച്ച ചുമരിൽ വെളള പെയിന്റിൽ കുറിച്ച വാചകം – ‘അലിഞ്ഞ് ചേർന്ന മധുരത്തിന്റെ കഥകളാണ് ഇവിടം….’.
ഷിബുവിന്റെ മനസിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കും പോലെ. സഹോദരി ഷീബയുടെ മകൻ ജെ.എസ്. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയെ തുടർന്ന് ഫെബ്രുവരി പതിനെട്ടിനാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അവന്റെ സാധനങ്ങൾ കൊണ്ടുപോകാൻ എത്തിയതാണ് ഷിബുവും ബന്ധുക്കളും.
സഹപാഠികളുടെ പീഡനത്തിൽ സിദ്ധാർത്ഥിന്റെ നിലവിളി മുഴങ്ങിയ ഡോർമിറ്ററിയുടെ വാതിൽ ഡീൻ ഇൻചാർജ് ഡോ.എസ്. മായയുടെ സാന്നിദ്ധ്യത്തിൽ സെക്യൂരിറ്റി തുറന്നു. മുറിയിൽ നൊമ്പര കാഴ്ചകൾ. സിദ്ധാർത്ഥിന്റെ പുസ്തങ്ങളും മറ്റും ഒരു മൂലയിൽ അനാഥമായി കിടക്കുന്നു. ഷിബുവും ബന്ധുക്കളും ഓരോന്നായി പെറുക്കിയെടുത്തു. അതിനിടെ 19ാം നമ്പർ മുറിയിൽ നിന്ന് സിദ്ധാർത്ഥിന്റെ വസ്ത്രങ്ങൾ, വയലിൻ എന്നിവയെല്ലാം അധികൃതർ എടുത്ത് കൊടുത്തു. സിദ്ധാർത്ഥിന്റെ രണ്ട് കണ്ണടകൾ ഉൾപ്പെടെ 22 സാധനങ്ങൾ അവിടെ ഇല്ലായിരുന്നു.
ഡീൻ ഇൻ ചാർജ് ഡോ. എസ്. മായ, പ്രൊഫ. ഡോ: ബൃന്ദിയ ലിസ് എബ്രഹാം എന്നിവർ അടുത്തുണ്ടായിരുന്നു. ഡീനിന്റെ ഓഫീസിലാണ് ഷിബുവും മൂന്ന് ബന്ധുക്കളും ആദ്യം എത്തിയത്. തുടർന്ന് ഹോസ്റ്റൽ മുറിയിലേക്ക് പോയി. നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി തരണമെന്ന് ഡീനിനും വൈത്തിരി പൊലീസിലും പരാതി നൽകിയ ശേഷമാണ് സിദ്ധാർത്ഥിന്റെ കുടുംബം നെടുമങ്ങാട്ടേക്ക് തിരിച്ചത്.
അതിനിടെ, സിദ്ധാർത്ഥന്റെ വസ്ത്രങ്ങളും വിലപ്പെട്ട രേഖകളും നഷ്‌പ്പെട്ട് എന്ന് പറഞ്ഞ് ബന്ധുക്കൾ കോളേജ് അധികൃതർക്കും വൈത്തിരി പൊലീസിലും ഇന്നലെ പരാതി നൽകി.
Source link