നിർമ്മാണം തുടങ്ങിയിട്ട് നാല് വർഷം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരത്തെ ആ സ്വപ്ന പദ്ധതി ഇന്നും പാതിവഴിയിൽ

പള്ളിക്കൽ: മടവൂർ പഞ്ചായത്തിലെ സീമന്തപുരത്ത് ആരംഭിച്ച ലൈഫ് ഭവന പദ്ധതി സ്വപ്നമായി തന്നെ അവശേഷിക്കുന്നു. 2020ൽ മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ കെട്ടിടത്തിന്റെ അടിസ്ഥാനം പോലും പൂർത്തിയാക്കിയിട്ടില്ല. ഭൂരഹിതർക്കുള്ള മണ്ണും വീടും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സീമന്തപുരത്ത് 38 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയത്. ഒരേക്കർ ഇരുപത് സെന്റോളം വരുന്ന സ്ഥലത്ത് ചുറ്റുമതിൽ, അങ്കണവാടി, മിനി ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റ് സമുച്ചയമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. എന്നാൽ വർഷങ്ങൾ പലത് കഴിഞ്ഞിട്ടും പദ്ധതിമാത്രം വെട്ടം കണ്ടില്ല.

പാതിവഴിയിൽ

നിർമ്മാണം തുടങ്ങി 4 വർഷം കഴിഞ്ഞിട്ടും തുടങ്ങിയ ഇടത്തുതന്നെയാണ് പദ്ധതി. ലൈഫ് മിഷൻ നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇവരിൽനിന്ന് സബ്കോൺട്രാക്ടായി പണി ഏറ്റെടുത്ത് നിർമ്മാണം ആരംഭിച്ചെങ്കിലും പിന്നീട് അവശ്യ സാധനങ്ങളുടെ വില വർദ്ധിച്ചത് കരാറുകാരന് തിരിച്ചടിയായി. ഇതോടെ എസ്റ്റിമേറ്റ് തുകകൊണ്ട് പണി തീർക്കാൻ കഴിയില്ലെന്ന് കാണിച്ച് നിർമ്മാണം നിലച്ചു.

പട്ടികയിൽ നിന്നും ഔട്ട്

മടവൂർ ഗ്രാമപഞ്ചായത്തിൽ ഇതിനകം ലൈഫ് മിഷന്റെ ഭവന പദ്ധതിയിൽ 100 വീടുകൾ ഇൻഷ്വറൻസ് പരിരക്ഷയോടെ പൂർത്തിയാക്കി. 2023-24 സാമ്പത്തിക വർഷം 66 വീടുകൾക്ക് അനുമതിയും നൽകി. എന്നാൽ ഫ്ലാറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നവർ ഇപ്പോഴും ഭൂരഹിതരായി തുടരുന്നു. നിലവിൽ ഒരു പദ്ധതിയിൽ പേരുള്ളതിനാൽ മറ്റൊരു പദ്ധതിയിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് നിർദ്ദേശം.

ആവശ്യം

1. ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാർ പുതുക്കി സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ കൈമാറണം.

2. അല്ലെങ്കിൽ 38 കുടുംബങ്ങൾക്കും മറ്റ് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചുനൽകണം.


Source link
Exit mobile version