ഇന്ത്യയുടെ പുരുഷ-വനിതാ ട്വന്റി-20 ക്രിക്കറ്റ് ടീമുകൾ ഇന്നു കളത്തിൽ
ഗ്വാളിയർ: “നിവാലിൽ യമുനയുടെ കരയിൽ നക്ഷത്രമണ്ണിൽ കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു, ഗ്വാളിയറിലേക്കു വച്ചുപിടിക്കാൻ, ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ…’’ ആറാം തന്പുരാനിലെ ഈ ഡയലോഗ് ഒന്നു മാറ്റിപ്പിടിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിനു പകരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓപ്പണറാകാൻ എന്നാക്കിയാൽ ചെന്നെത്തുക സഞ്ജു സാംസണിൽ. അതെ, ബംഗ്ലാദേശിന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരം ഇന്നു ഗ്വാളിയറിൽ നടക്കും. രാത്രി ഏഴിനാണ് മത്സരം. ഇന്ത്യൻ ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമാകുക മലയാളി താരം സഞ്ജു സാംസണ്. ഇന്ത്യൻ ടീമിൽ മുഖം കാണിച്ചും അല്ലാതെയുമായി കഴിഞ്ഞ ഒന്‍പതു വർഷമായി ദേശീയ ശ്രദ്ധയിലുള്ള സഞ്ജുവിന്റെ രാജ്യാന്തര കരിയറിൽ ഇത്രയും തുറന്ന അവസരം ഇതിനു മുന്‍പു ലഭിച്ചിട്ടില്ല. ജീവിതത്തിൽ സഞ്ജു കാത്തിരുന്ന ക്രിക്കറ്റ് നിമിഷം… മുന്‍പും സഞ്ജു ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്ററായിട്ടുണ്ട്. എന്നാൽ, ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ സ്പെഷലിസ്റ്റ് ഓപ്പണറായി അഭിഷേക് ശർമ മാത്രമാണുള്ളത്. ഈ ഒഴിഞ്ഞു കിടക്കുന്ന ഓപ്പണിംഗ് സ്ഥാനം സഞ്ജുവിനു ലഭിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിശ്വാസം. ഒന്നു മുതൽ ഏഴുവരെയുള്ള ബാറ്റിംഗ് ഓർഡറിൽ മുന്‍പ് സഞ്ജു ക്രീസിലെത്തിയിട്ടുണ്ടെന്നതും വാസ്തവം. സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കൻ പര്യടനത്തിൽ സൂര്യകുമാർ – ഗൗതം ഗംഭീർ കൂട്ടുകെട്ട് 3-0നു പരന്പര സ്വന്തമാക്കിയിരുന്നു.
ലങ്കയിലെ നിരാശ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ പരന്പര നേടിയെങ്കിലും സഞ്ജു സാംസണിന്റെ പ്രകടനം അത്ര സുഖകരമല്ലായിരുന്നു. ലങ്കയ്ക്കെതിരേ രണ്ടും മൂന്നും ട്വന്റി-20 പോരാട്ടങ്ങളിലായിരുന്നു സഞ്ജു ടീമിലുൾപ്പെട്ടത്. രണ്ടാം ട്വന്റി-20യിൽ ഓപ്പണറായെങ്കിലും നേരിട്ട ആദ്യപന്തിൽ ബൗൾഡായി. മൂന്നാം മത്സരത്തിൽ മൂന്നാം നന്പറിൽ ക്രീസിലെത്തിയപ്പോഴും (0) റണ്ണെടുക്കാൻ സഞ്ജുവിനു സാധിച്ചില്ല. ലങ്കയിലെ ദുഃഖത്തിനു ഗ്വാളിയറിൽ റണ്‍ സംഗീതം പൊഴിക്കുമോ സഞ്ജു എന്നതാണ് ആരാധകരുടെ ആകാംക്ഷ. സച്ചിന്റെ ഡബിൾ സെഞ്ചുറി രാജ്യാന്തര ക്രിക്കറ്റ് ഗ്വാളിയറിലേക്കു തിരിച്ചെത്തുന്നതു നീണ്ട 14 വർഷങ്ങൾക്കുശേഷമാണ്. അവസാനമായി ഗ്വാളിയറിൽ എന്നാണ് രാജ്യാന്തര ക്രിക്കറ്റ് നടന്നതെന്നു ചോദിച്ചാൽ ഒരുത്തരം മാത്രം, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി സച്ചിൻ തെണ്ടുൽക്കർ നേടിയ ദിനം. കൃത്യമായി പറഞ്ഞാൽ 2010 ഫെബ്രുവരി 24. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 147 പന്തിൽ 200 റണ്‍സുമായി സച്ചിൻ പുറത്താകാതെനിന്നതിനുശേഷം ഗ്വാളിയറിൽ മറ്റൊരു രാജ്യാന്തര പോരാട്ടം നടന്നിട്ടില്ല. നീണ്ട കാത്തിരിപ്പിനുശേഷം മധ്യപ്രദേശിലെ ഈ നഗരത്തിലേക്ക് ക്രിക്കറ്റ് സംഗീതം തിരിച്ചെത്തുന്നു.
Source link