KERALAM

പിആർ വിവാദം; മുഖ്യമന്ത്രി പ്രതിരോധത്തിൽ? ചോദ്യമുനയിൽ നിർത്തി എംവി ജയരാജനും ചന്ദ്രൻപിള്ളയും

കണ്ണൂർ: ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തിന് പിന്നാലെയുണ്ടായ പിആർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സംസ്ഥാന സമിതിയിൽ ചോദ്യങ്ങളുയർത്തി എംവി ജയരാജൻ. കണ്ണൂരിൽ നിന്നുള്ള ഒരു നേതാവ് സംസ്ഥാന സമിതിയിൽ ചോദ്യങ്ങളുയർത്തിയത് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ കെ ചന്ദ്രൻപിള്ളയും ചോദ്യം ചെയ്തു.

മുഖ്യമന്ത്രി പാർട്ടിക്ക് നൽകിയ വിശദീകരണം സംസ്ഥാന സെക്രട്ടറി സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചപ്പോഴാണ് എംവി ജയരാജൻ ചോദ്യങ്ങളുയർത്തിയത്. പിആർ എജൻസി വിഷയത്തെക്കൂടാതെ മലപ്പുറം പരാമർശം പാർട്ടിക്ക് ഉണ്ടാക്കിയ ഡാമേജിന്റെ ഉത്തരവാദിത്തം ആർക്കെന്നാണ് എംവി ജയരാജൻ ചോദിച്ചത്. ഹിന്ദു പത്രം ഇതുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണം കൂടുതൽ ക്ഷതമുണ്ടാക്കിയില്ലേ എന്ന് കെ ചന്ദ്രൻപിള്ളയും ചോദിച്ചു.

രണ്ട് പേരുടെയും നിലപാട് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയെങ്കിലും നിലവിൽ സ്വീകരിച്ച നിലപാടിൽ നിന്ന് പിന്നോട്ടുപോകില്ലെന്നാണ് പാർട്ടി തീരുമാനം. വിവാദത്തിൽ പിആർ ഏജൻസിയെ സംരക്ഷിക്കുന്ന നിലപാട് തുടർന്നേക്കും. അഭിമുഖ വിവാദത്തിലെ പിആർ ഏജൻസിയുടെ പങ്ക്, ആർഎസ്എസ് -എഡിജിപി കൂടിക്കാഴ്ച, പി ശശിക്കെതിരായ പരാതിയടക്കം അൻവർ ഉന്നയിച്ച ആരോപണങ്ങൾ എന്നിവയിൽ മുഖ്യമന്ത്രിക്ക് സിപിഎം കവചം തീർത്തിരുന്നു. ഇന്നലെ പാർട്ടി സംസ്ഥാന സമിതി മുഖ്യമന്ത്രിയുടെ വാദഗതികളോട് യോജിക്കുകയും വാർത്താസമ്മേളനം നടത്തിയ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതോടെ, ഡിജിപിയുടെ റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എംവി ഗോവിന്ദനും കൂടിക്കാഴ്ച ഗുരുതരമാണെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വരുമെന്നും പറഞ്ഞു.

തനിക്ക് പിആർ ഏജൻസിയില്ല. അതിനായി ആരെയും നിയോഗിക്കുകയോ പണം നൽകുകയോ ചെയ്തിട്ടില്ല. അഭിമുഖത്തിനായി ടികെ ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ നിരന്തരം സമീപിക്കുമായിരുന്നു. സുബ്രഹ്മണ്യൻ ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകനാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എഡിജിപിയെ ചുമതലയിൽ നിന്നു മാറ്റണമെന്നു സിപിഐ പരസ്യമായി പറയുന്നതു മുന്നണി മര്യാദയ്ക്കു ചേർന്നതല്ലെന്നും ബിനോയ് വിശ്വത്തിന്റെ പരാമർശങ്ങൾ പ്രതിപക്ഷത്തിന്റേതു പോലെയാണെന്നും വിമർശനമുണ്ടായി.


Source link

Related Articles

Back to top button