പനമരം: കാട്ടാനയെ തുരത്താൻ കുഞ്ഞൻ തേനീച്ചയ്ക്ക് കഴിയുമോ ? സംശയിക്കേണ്ട ആനയെ ഓടിച്ച് അതിർത്തി കടത്താൻ തേനീച്ചയ്ക്ക് കഴിയും. വനാതിർത്തികളോടു ചേർന്ന സ്ഥലങ്ങളിലെ കാട്ടാന ശല്യം തടയാൻ ‘തേനീച്ചവേലി ‘ പരീക്ഷണം വിജയകരമാണെന്നാണ് കർഷകനും കർഷക നേതാവുമായ പി.ടി.ജോണിന്റെ അനുഭവം.
പനമരം പാക്കത്തെ കൃഷിയിടത്തിലാണ് ജോൺ തേനീച്ചവേലി സ്ഥാപിച്ചിരിക്കുന്നത്. കാട്ടിലെ വമ്പനാണെങ്കിലും ആനയ്ക്ക് കുഞ്ഞൻ തേനീച്ചകളെ പേടിയാണ്. അവയുടെ മൂളൽ കേട്ടാൽ ആനക്കുട്ടം വഴി മാറും. കാട്ടാനയുടെ തേനീച്ചപ്പേടി ഒരു പരിധിവരെ വിജയം കണ്ടെന്നാണ് പി.ടി.ജോൺ പറയുന്നത്. വനത്തോടു ചേർന്ന ഗ്രാമങ്ങളുടെ അതിരുകളിൽ തേനീച്ചപ്പെട്ടി സ്ഥാപിച്ചാൽ കാട്ടാന ശല്യത്തിന് ഒരു പരിധിവരെ പരിഹാരമാകും.വിളകൾ തിന്നാനെത്തുന്ന കാട്ടാനക്കുട്ടം തേനീച്ചകളുടെ മൂളൽ കേൾക്കുമ്പോഴേ സ്ഥലം വിടും. കാട്ടാനക്കൂട്ടത്തിൽ നിന്ന് കൃഷി രക്ഷിക്കാൻ വലിയ ബുദ്ധിമുട്ടാണ് കർഷകർ അനുഭവിക്കുന്നത്. ആനശല്യം തടയുന്നതിനൊപ്പം തേൻ ഉല്പാദിപ്പിക്കുന്നതിലൂടെ വരുമാനം കണ്ടെത്താനും കഴിയും.
കർണാടകയിലെ നാഗർഹോളയിലായിരുന്നു തേനീച്ചവേലിയുടെ ആദ്യ പരീക്ഷണം. ആനക്കുട്ടം കൃഷിയിടങ്ങളിലേക്ക് എത്തുന്ന പാതകളിൽ തേനീച്ചപ്പെട്ടി സ്ഥാപിച്ചായിരുന്നു തുടക്കം. ഈ പെട്ടികൾ നൂൽക്കമ്പി കൊണ്ട് ബന്ധിച്ചു. ആനകൾ കൃഷിയിടത്തേക്ക് പ്രവേശിക്കാനായി കമ്പിയിൽ തൊട്ടാലുടൻ തേനീച്ചക്കൂടിളകും. മൂളിയാർക്കുന്ന തേനീച്ചകളിൽ നിന്ന് രക്ഷപ്പെടാൻ ആനകൾ തിരിഞ്ഞോടുകയും ചെയ്യും. ഇതിനു പുറമേ തേനീച്ചപ്പെട്ടികൾ മരങ്ങളിൽ തൂക്കിയിട്ടിട്ടുമുണ്ട്. ആനകൾക്ക് ഒരുതരത്തിലുമുള്ള പരുക്കേൽപിക്കാതെ അവയെ പിന്തിരിപ്പിക്കാനാവുന്നു എന്നതാണ് തേനീച്ച വേലിയുടെ സവിശേഷത. ചെലവും വളരെ കുറവാണ്. കാട്ടാന ആക്രമണത്തിൽ കർഷകർ കൊല്ലപ്പെടുന്നത് തടയാനുമാകുമെന്ന് പി.ടി.ജോൺ പറയുന്നു.
Source link