അങ്കണവാടിയിലെ വാതിൽപ്പടിയിൽ തല തട്ടി മൂന്നരവയസുകാരൻ ഗുരുതരാവസ്ഥയിൽ
പഴയങ്ങാടി (കണ്ണൂർ): അങ്കണവാടിയിൽ കളിക്കുന്നതിനിടെ വാതിൽപ്പടിയിൽ തട്ടി തലയ്ക്ക് മുറിവേറ്റ കുട്ടി വീട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്കുശേഷം ആന്തരികരക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ. കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റ വിവരം അങ്കണവാടി ജീവനക്കാർ ബന്ധുക്കളെ അറിയിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഏഴോം പഞ്ചായത്ത് പതിനാലാം വാർഡിലെ വെടിയപ്പൻ ചാൽ 39-ാം നമ്പർ അങ്കണവാടിയിലെ പഠിതാവായ മൂന്നര വയസുകാരനാണ് ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ അങ്കണവാടിയിൽ കളിക്കുന്നതിനിടെ വാതിൽപ്പടിയിൽ തട്ടി കുട്ടിയുടെ തലയ്ക്ക് പിന്നിൽ മുറിവേറ്റിരുന്നു. അങ്കണവാടി വർക്കർ ടി.വി.കാർത്ത്യായനിയും ആയ എൻ.നളിനിയും ചേർന്ന് മുറിവിൽ മരുന്നുവച്ചുകെട്ടിയതായാണ് വിവരം. മൂന്നു മണിയോടെ രക്ഷിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ കുട്ടിക്ക് രാത്രിയോടെ കടുത്ത പനി അനുഭവപ്പെട്ടു. തുടർന്ന് പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായപ്പോൾ പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആന്തരികരക്തസ്രാവം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധചികിത്സയ്ക്ക് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുറിവേറ്റ ഭാഗത്ത് ചായപ്പൊടി പോലുള്ള വസ്തുക്കളാണ് വച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. എന്നാൽ കുട്ടിക്ക് മുറിവേറ്റകാര്യം രക്ഷിതാക്കളെ അറിയിച്ചെന്നാണ് അങ്കണവാടി ജീവനക്കാരുടെ വിശദീകരണം. രക്ഷിതാക്കളുടെ പരാതിപ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തിൽ അങ്കണവാടി വർക്കറേയും ഹെൽപ്പറേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ മന്ത്രി വീണാ ജോർജ് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.
Source link