ദുബായ്: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിൽ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്ക. ഇടംകൈ ഓർത്തഡോക്സ് സ്പിന്നറായ നോണ്‍കുലുലേക്കോ മ്ലാബയുടെയും ഓപ്പണർമാരുടെയും മികവിലൂടെ ദക്ഷിണാഫ്രിക്ക 10 വിക്കറ്റിന് വെസ്റ്റ് ഇൻഡീസിനെ കീഴടക്കി. സ്കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 118/6. ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 119/0. 13 പന്തുകൾ ബാക്കിനിൽക്കേയാണ് ദക്ഷിണാഫ്രിക്കൻ വനിതകളുടെ ജയം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിനെ (10) പുറത്താക്കി മരിസാൻ കാപ്പ് വിൻഡീസിന് ആദ്യ പ്രഹരമേൽപ്പിച്ചു. മൂന്നാം നന്പറായെത്തിയ സ്റ്റഫാനി ടെയ്ലറിന്റെ ഇന്നിംഗ്സാണ് വിൻഡീസിനെ മുന്നോട്ടു നയിച്ചത്. 41 പന്തിൽ 44 റണ്‍സ് നേടിയ ടെയ്ലർ പുറത്താകാതെ നിന്നു. ഒരു സിക്സും രണ്ടു ഫോറും അടങ്ങുന്നതായിരുന്നു ടെയ്ലറിന്റെ ഇന്നിംഗ്സ്.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മരിസാൻ കാപ്പ് 14 റണ്‍സിനു രണ്ടും മ്ലാബ 29 റണ്‍സിനു നാലും വിക്കറ്റ് വീഴ്ത്തി. 12-ാം ഓവറിൽ നാലും അഞ്ചും പന്തുകളിൽ ഷെമൈൻ കാംബ്ലെല്ലെയെയും (17) ചിനെല്ല ഹെൻറിയെയും (0) പുറത്താക്കി മ്ലാബ വിൻഡീസിനെ പ്രതിരോധത്തിലാക്കി. മ്ലാബയാണ് പ്ലെയർ ഓഫ് ദ മാച്ച്. 119 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെയും തസ്മിൻ ബ്രിറ്റ്സിന്റെയും അർധസെഞ്ചുറിയിലൂടെ ജയത്തിലെത്തി. വോൾവാർഡ് 55 പന്തിൽ 59ഉം ബ്രിറ്റ്സ് 52 പന്തിൽ 57 റണ്‍സുമായി പുറത്താകാതെ നിന്നു.
Source link