അർജുന്റെ കുടുംബത്തിന്റെ പരാതി, മനാഫിനെതിരെ കേസെടുത്തു

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ ലോറി ഡ്രെെവർ മനാഫിനെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. സൈബർ ആക്രമണവും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വേട്ടയാടുന്നു എന്നുംകാട്ടി അർജുന്റെ സഹോദരി അഞ്ജു കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന് നൽകിയ പരാതിയിലാണ് നടപടി.
സാമുദായികസ്പർദ്ധ വളർത്തുന്ന രീതിയിൽ സന്ദേശങ്ങൾ പൊതുഇടങ്ങളിൽ പങ്കുവയ്ക്കൽ, കലാപം സൃഷ്ടിക്കുന്ന തരത്തിൽ സാമൂഹ മാദ്ധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. മെഡി.കോളേജ് അസി.കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ എസ്.സജീവിനാണ് അന്വേഷണചുമതല. മനാഫിന്റെ യൂട്യൂബ് അക്കൗണ്ടും കമന്റുകളും പരിശോധിക്കും. മനാഫ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ എഫ്.ഐ.ആറിൽ നിന്ന് ഒഴിവാക്കുമെന്ന് ഉമേഷ് പറഞ്ഞു.
ചില യൂട്യൂബ് ചാനലുകളിലും സാമൂഹമാദ്ധ്യമങ്ങളിലും കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വന്ന പല സന്ദേശങ്ങളും കുറ്റകരമായവയാണെന്ന് കണ്ടെത്തി. വർഗീയത പടർത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുകയും കമന്റിടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അസി. കമ്മിഷണർ പറഞ്ഞു.
മതസ്പർദ്ധയ്ക്ക് ശ്രമിച്ചിട്ടില്ല: മനാഫ്
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. തന്നെ ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തോടൊപ്പം നിൽക്കും. യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം. കേസും കാര്യങ്ങളുമെല്ലാം തന്റെ കുടുംബവും അർജുന്റെ കുടുംബവും സംസാരിച്ച് ഒത്തുതീർപ്പാക്കും. സമൂഹമാദ്ധ്യമങ്ങളടക്കം ഇക്കാര്യത്തിൽ മുതലെടുക്കാൻ നിൽക്കരുത്.
ആക്ഷൻ കമ്മിറ്റി പിരിച്ചു വിട്ടു
അർജുന്റെ തെരച്ചിലിനായി രൂപീകരിച്ച ‘ഫൈൻഡ് അർജുൻ’ ആക്ഷൻ കമ്മിറ്റി പിരിച്ചു വിട്ടെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം ആക്ഷൻ കമ്മിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു.
Source link