കുറി തൊടാൻ പണം: ചൂഷണം അനുവദിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കുറിതൊടാൻ പണംപിരിക്കുന്നതിന് ടെൻഡർ വിളിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. ക്ഷേത്രത്തിന് അകത്താണോ കുറിതൊടാൻ പണംവാങ്ങുന്നതെന്ന് ആരാഞ്ഞ കോടതി ഭക്തരെ ചൂഷണംചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.

ഭക്തരെ ആരും ചൂഷണം ചെയ്യാതിരിക്കാനാണ് ഈ നടപടിയെന്നും നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ബോർഡിന് ലക്ഷങ്ങൾ ലഭിക്കുമ്പോൾ കരാറുകാരന് കോടികളാകും ലഭിക്കുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ ഒരാൾ പണംപിരിക്കുന്നതായി കാണുന്നുണ്ട്. ഇയാളെ തിരിച്ചറിഞ്ഞ് വിവരങ്ങൾ കൈമാറണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. എരുമേലി സ്വദേശികളായ മനോജ് എസ്.നായർ, അരുൺ സതീഷ് എന്നിവരാണ് ഹർജി നൽകിയത്. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ക്ഷേത്രം നടപ്പന്തലിൽ നാലിടത്ത് ചന്ദനവും കുങ്കുമവും ഭസ്മവും അടങ്ങിയ തട്ടുവയ്ക്കാനുള്ള അവകാശത്തിന് ബോർഡ് ടെൻഡ‌ർ ചെയ്തിരുന്നു. കുറിതൊടാൻ ഭക്തരിൽനിന്ന് പത്തുരൂപവരെ ഫീസ് ഈടാക്കാനുള്ള അവകാശം സ്വകാര്യകക്ഷികൾക്ക് നൽകാനായിരുന്നു തീരുമാനം.

ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർ എരുമേലി പേട്ടതുള്ളലും ക്ഷേത്രക്കടവിൽ കുളിയും കഴിഞ്ഞ് നെറ്റിയിലും ദേഹത്തും മറ്റും കുറിചാർത്തി ദർശനം നടത്തുന്ന ആചാരം നിലവിലുള്ളതായി ഹർജിയിൽ പറയുന്നു.

’ആചാരത്തെ കച്ചവടവത്കരിക്കുന്നു’

പ്രസാദവിതരണത്തിന് കൂടുതൽ സൗകര്യമൊരുക്കി ബോർഡിന് വരുമാനം സമ്പാദിക്കാമെന്നിരിക്കെയാണ് സ്വകാര്യകക്ഷികൾക്ക് അവസരംനൽകി ആചാരത്തെ കച്ചവടവത്കരിക്കുന്നതെന്ന് ഹർജിക്കാർ ആരോപിച്ചു. ആഗസ്റ്റ്- സെപ്തംബറിൽ ബോർഡ് ടെൻഡർ ക്ഷണിച്ചു. ഇതിനെതിരെ ദേവസ്വം കമ്മിഷണർക്ക് നിവേദനം നൽകിയിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.


Source link
Exit mobile version