KERALAMLATEST NEWS

ഇടവേള ബാബു വീണ്ടും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ, ചോദ്യം ചെയ്യൽ: വെറുതെ വന്നതാണെന്ന് താരം

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ആലുവ സ്വദേശിനിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് രണ്ടാം തവണയാണ് താരത്തെ ചോദ്യം ചെയ്യുന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയാണ് ഇടവേള ബാബു.

നേരത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനിടെ, താൻ വെറുതെ വന്നതാണെന്നാണ് ഇടവേള ബാബു മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദ്ധാനം ചെയ്ത് ജൂനിയർ ആർട്ടിസ്റ്റിനെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് നടനെതിരെയുളളത്.

പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്. കുറ്റം തെളിഞ്ഞാൽ പത്ത് വർഷംവരെ തടവും പിഴയും ലഭിക്കും. കേസിൽ നേരത്തെ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു. നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവിന്റെ ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. നടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈംഗിക പീഡനപരാതിയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു.


Source link

Related Articles

Back to top button