അങ്കണവാടിയിൽ വീണ മൂന്നര വയസുകാരന് ഗുരുതര പരിക്ക്; ആശുപത്രിയിൽ എത്തിക്കാതെ ജീവനക്കാർ, പരാതി
കണ്ണൂർ: അങ്കണവാടിയിൽ വീണ മൂന്നരവയസുകാരന് ഗുരുതര പരിക്ക്. കണ്ണൂരിലെ വെടിവെപ്പിൻചാലിലാണ് സംഭവം. ആഴത്തിൽ മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.
കുട്ടിക്ക് പരിക്ക് പറ്റിയ വിവരം മാതാപിതാക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊലീസിൽ പരാതി നൽകുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കാണ് കുട്ടി അങ്കണവാടിയിൽ വീഴുന്നത്. വെെകിട്ട് വിളിക്കാൻ എത്തിയപ്പോഴാണ് കുട്ടി വീണ വിവരം പറഞ്ഞത്. മുറിവിന് മരുന്ന് വച്ചിട്ടുണ്ടെന്നും ടീച്ചർ പറഞ്ഞു. വീട്ടിൽ വന്ന ശേഷം കുട്ടിക്ക് നല്ല പനി തുടങ്ങി. അങ്ങനെ ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടിയുടെ മുറിവിന്റെ ആഴം മനസിലായത്. പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്കണവാടി ജീവനക്കാരാണ് കുട്ടിയെ ചികിത്സിച്ചതെന്നും ഡോക്ടറെ കാണിക്കാൻ നിർദേശിച്ചില്ലെന്നും പിതാവ് ആരോപിക്കുന്നു.
Source link