പൊലീസ് ആസ്ഥാനത്ത് അടിയന്തരയോഗം, എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും

തിരുവനന്തപുരം: എഡിജിപി എംഎർ അജിത്കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘം പൊലീസ് ആസ്ഥാനത്ത് അടിയന്തരയോഗം ചേരുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടുകൂടി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പരാതികളിലും ആർഎസ്എസ് നേതാക്കളുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുളള റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. അന്വേഷണത്തിനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നൽകിയത്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പറഞ്ഞിരുന്നത്.
അതേസമയം, ഔദ്യോഗിക വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ അൻവറിനെതിരെ വീണ്ടും കേസെടുത്തു. മലപ്പുറം അരീക്കോട് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയിൽ മഞ്ചേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.അരീക്കോട് ക്യാമ്പിൽ അജിത്കുമാറിനും മലപ്പുറം എസ്പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. അൻവർ ഔദ്യോഗിക രഹസ്യം ചോർത്തി എന്നാണ് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൻവർ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Source link