KERALAMLATEST NEWS

‘യുട്യൂബ് ചാനലും കമന്റും പരിശോധിക്കും’; മനാഫ് കുറ്റക്കാരനാണെങ്കിൽ നടപടിയെന്ന് എസിപി

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലും കമന്റും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി പറഞ്ഞു. അല്ലെങ്കിൽ എഫ്ഐആറിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കുടുംബത്തിന്റെ ആദ്യ പരാതിയിൽ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയത്. സെെബർ ആക്രമണത്തിനെതിരെയാണ് അർജുന്റെ കുടുംബം പരാതി നൽകിയത്. ലോറി ഉടമ മനാഫ്, സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയവർ തുടങ്ങിയവരെ പ്രതി ചേർത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കും. ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുന്നുണ്ട്. സംഭവത്തിൽ ശക്തമായ നടപടി തന്നെ സ്വീകരിക്കും’,- പൊലീസ് അറിയിച്ചു.

സമൂഹമാദ്ധ്യമങ്ങളിൽ വർഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കാണിച്ചാണ് അർജുന്റെ കുടുംബം ഇന്നലെ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ എന്നിവർ നേരിട്ടെത്തിയാണ് കമ്മിഷണർക്ക് പരാതി നൽകിയത്.

കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നടക്കമുള്ള ആരോപണങ്ങളുമായി ബുധനാഴ്ച കുടുംബം വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് അർജുന്റെ കുടുംബത്തിനു നേരെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ ആക്രമണമുണ്ടായത്. അർജുന്റെ വിഷയത്തിൽ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മനാഫും ഇന്നലെ രംഗത്തെത്തിയിരുന്നു.


Source link

Related Articles

Back to top button