അഭിമുഖ വിവാദം: മുഖ്യമന്ത്രി നുണ പറയുന്നെന്ന് സതീശൻ

പാലക്കാട്: അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗീബൽസിനെപോലെ നുണ പറയുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വാർത്താസമ്മേളനത്തിനിടെ വെറുതെ ചിരിച്ചിട്ട് കാര്യമില്ല. ചോദ്യങ്ങൾക്ക് മറുപടി വേണം.
മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുന്ന സമയത്ത് അനുവാദമില്ലാതെ ആരെങ്കിലും കയറിവരുമോ. പൊലീസിന് പോലും പരിചയമില്ലാത്തയാൾ കയറി വന്നെന്ന് പറയുമ്പോൾ ആര് വിശ്വസിക്കും. മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതി കൊടുത്ത കെയ്സണെതിരെയും റിപ്പോർട്ട് ചെയ്ത ദ ഹിന്ദു പത്രത്തിനെതിരെയും കേസെടുക്കാൻ ധൈര്യമുണ്ടോ.
തൃശൂർ പൂരം കലക്കിയതാണെന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. അത് മുഖ്യമന്ത്രി ഇപ്പോൾ സമ്മതിച്ചു. എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ കൊണ്ടാണിത് ചെയ്യിപ്പിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയത്. പൊലീസ് അന്വേഷണം സ്വീകാര്യമല്ല. ജുഡിഷ്യൽ അന്വേഷണം നടത്തണം. എ.ഡി.ജി.പിയെ മാറ്റാതെ അന്വേഷണം നടത്തുന്നത് പ്രഹസനമാണ്. എ.ഡി.ജി.പിയുടെ പ്രധാന ജോലി ആർ.എസ്.എസുമായുള്ള കോഓർഡിനേഷനാണ്. അതുകൊണ്ടാണ് സംരക്ഷിക്കുന്നത്.
പൂരവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ നൽകിയ ഡിവൈ.എസ്.പിയെ സസ്‌പെൻഡ് ചെയ്തു. എന്നാൽ, എ.ഡി.ജി.പിയുടെ കാര്യത്തിൽ അതൊന്നും ബാധകമല്ല. തിരഞ്ഞെടുപ്പിനു ശേഷം സംഘപരിവാർ അജൻഡ മുഖ്യമന്ത്രി വീണ്ടും നടപ്പാക്കുകയാണ്. തിരഞ്ഞെടുപ്പിനു ശേഷം ലാവ്‌ലിൻ കേസോ കരുവന്നൂർ കേസോ കേൾക്കുന്നില്ല.
Source link