എന്റെ ഓഫീസിലുള്ളവർ ആരും സംശയനിഴലിലല്ല: മുഖ്യമന്ത്രി

അൻവറിനെ അവജ്ഞയോടെ തള്ളുന്നു

തിരുവനന്തപുരം: പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുൾപ്പെടെ പി.വി. അൻവറിന്റെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഓഫീസിലുള്ളവരാരും സംശയ നിഴലിലല്ല. ശശിക്കെതിരായ ചില ആരോപണങ്ങൾ അൻവറിന്റെ ശീലത്തിൽപ്പെട്ടതാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഇടതു സർക്കാരിന്റെ മുഖമായി നിൽക്കുന്ന എനിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. അൻവറിന്റെ ബിസിനസിൽ പല തരത്തിലുള്ള ഇടപാടുകളും കാണും. അതിന്റെ ഭാഗമായി ഒത്തുതീർപ്പുകളും കൂട്ടുകെട്ടുകളും കാണും. ഇതൊന്നും നല്ല മാർഗമല്ല.

അൻവർ തുടങ്ങിപ്പോൾ തന്നെ എങ്ങോട്ട് പോകുമെന്ന ധാരണയുണ്ടായിരുന്നെങ്കിലും ഉന്നയിച്ച ആരോപണങ്ങളിൽ ഒരു ഗൗരവക്കുറവും കാണിക്കാതെ അന്വേഷണത്തിന് വിട്ടു. അന്വേഷണം ഫലപ്രദമായി നടക്കെ സി.പി.എമ്മിൽ നിന്ന് വിട്ടുപോയി. തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റുമോയെന്നുള്ള ശ്രമവും നടന്നു.

വർഗീയതയ്‌ക്കെതിരായ സി.പി.എമ്മിന്റെ ഉറച്ച നിലപാടിൽ അമർഷമുള്ളവർ ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയശക്തികളാണ്. ഏതെങ്കിലും വർഗീയതയ്ക്കൊപ്പം ഞങ്ങളെയും കൂട്ടിക്കെട്ടാനാണ് ശ്രമം. ഇതിൽ ചിലർക്കൊപ്പം അൻവറും ചേർന്നു എന്നാണ് പ്രസ്താവനകൾ തെളിയിക്കുന്നത്. അത് സ്വാഭാവികമായ പരിണാമമാണ്. അദ്ദേഹത്തിന്റെ പുതിയ പാർട്ടിയെയും നേരിട്ട് മുന്നോട്ട് പോകും.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകളെന്നത് ശരിയല്ല. ജില്ലാടിസ്ഥാനത്തിലായാലും ജനസംഖ്യാടിസ്ഥാനത്തിലായാലും അത് കാണാൻ കഴിയും.


Source link
Exit mobile version