ഹിസ്ബുള്ളയ്ക്കു നേരേ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; 60 ഭീകരരെ വധിച്ചു
ടെൽ അവീവ്: ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം തുടരുന്ന ഇസ്രേലി സേന തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. ബുധനാഴ്ച ഹിസ്ബുള്ളയുടെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്നും 60 ഭീകരർ കൊല്ലപ്പെട്ടെന്നും ഇസ്രേലി സേന ഇന്നലെ അറിയിച്ചു. തെക്കൻ ലബനനിൽ ഹിസ്ബുള്ളകൾ എട്ട് ഇസ്രേലി കമാൻഡോകളെ പോരാട്ടത്തിൽ വധിച്ചതിനു പിന്നാലെയാണ് ഇസ്രയേൽ വ്യോമാക്രമണം ശക്തിപ്പെടുത്തിയത്. ബുധനാഴ്ച ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിന്റെ ഹൃദയഭാഗത്തും ഇസ്രേലി സേന ആക്രമണം നടത്തി. ഹിസ്ബുള്ളകൾ നടത്തുന്ന ആരോഗ്യകേന്ദ്രം ലക്ഷ്യമിട്ടാണ് ബഹുനിലക്കെട്ടിടത്തിൽ ബോംബിട്ടത്. ലബനീസ് പാർലമെന്റിനു മീറ്ററുകൾ അകലെ ആയിരുന്നു ആക്രമണം. ഹിസ്ബുള്ളാ ശക്തികേന്ദ്രമായ തെക്കൻ ബെയ്റൂട്ടിലെ ദാഹിയേ പ്രദേശത്തും ശക്തമായ ബോംബിംഗ് ഉണ്ടായി. ദാഹിയേയിൽ ഇന്നലെയും ആക്രമണം ഉണ്ടായതായി ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ ലബനനിൽ 28 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇതിനിടെ, ഇന്നലെ രാവിലെ ഹിസ്ബുള്ളകൾ ഇസ്രയേലിലേക്കു റോക്കറ്റുകളും ഡ്രോണും തൊടുത്തു. ഗലീലി, ഗോലാൻകുന്ന് മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 75 റോക്കറ്റുകളാണു ഹിസ്ബുള്ളകൾ തൊടുത്തതെന്നും ഭൂരിഭാഗവും വെടിവച്ചിട്ടെന്നും ശേഷിക്കുന്നവ തുറന്ന സ്ഥലങ്ങളിലാണു പതിച്ചതെന്നും ഇസ്രയേൽ അറിയിച്ചു. ഇസ്രേലിഭാഗത്ത് ആൾനാശമില്ല. തെക്കൻ ലബനനിൽ ജനങ്ങളെ ഒഴിപ്പിച്ചുമാറ്റുന്നതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ലബനീസ് സേനാംഗം കൊല്ലപ്പെടുകയും റെഡ് ക്രോസിലെ നാലു ജീവനക്കാർക്കു പരിക്കേൽക്കുകയും ചെയ്തു. ലബനീസ് സേനയുടെ അകന്പടിയിൽ ഗ്രാമത്തിൽനിന്ന് ഒഴിഞ്ഞുപോകുന്നവരുടെ വാഹനവ്യൂഹത്തെയാണ് ഇസ്രയേൽ ആക്രമിച്ചത്.
Source link