തിരുവനന്തപുരം: ‘സമാന ചിന്താഗതിയുള്ളവർക്കായി എഴുതുന്ന കത്താണ് ഓരോ കവിതയുമെന്ന് കവി പ്രഭാവർമ്മ പറഞ്ഞു. കവിതയ്ക്ക് മഹത്തായ ധർമ്മം അനുഷ്ഠിക്കാനുണ്ടെന്ന കുമാരനാശാന്റെ കാവ്യനിർവചനമാണ് ജീവിതത്തിലും പാലിക്കുന്നത്…” കെ.കെ.ബിർള ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ ജ്ഞാനപീഠ ജേതാവ് ഡോ. ദാമോദർ മൗജോയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരിഞ്ഞുനോക്കുമ്പോൾ ‘ചെയ്തതെല്ലാം പാഴായിപ്പോയിട്ടില്ലെന്ന്’ തോന്നുന്നു. ‘ഒരു കൽത്തുറുങ്കാണീ ജീവിതം,അതിൽ വീണൊടുങ്ങുന്നല്ലോ ജീവപര്യന്തം സ്നേഹം..”എന്ന എന്റെ കവിത സ്വന്തം ജീവിതമാണെന്ന അടിക്കുറുപ്പോടെ പൂജപ്പുര ജയിലിൽ നിന്നൊരു കാർഡ് വന്നിരുന്നു. തടവറയിലേക്ക് നടന്നുനീങ്ങാനിരിക്കുന്ന ആ മനുഷ്യന്റെ കത്ത് പുരസ്കാരങ്ങളെക്കാൾ വിലമതിക്കുന്നതാണ്. അച്ഛൻ ജപിക്കുമായിരുന്ന സംസ്കൃത മന്ത്രങ്ങളാണ് സാഹിത്യത്തിന്റെ വിശാലലോകത്തേക്ക് നയിച്ചത്. വാല്മീകിയും വ്യാസനും എഴുതിയത് പുരസ്കാരങ്ങൾക്കു വേണ്ടിയല്ല. മൊട്ടുകൾ വിരിയുന്നതുപോലെയും വേദനയുള്ള ഹൃദയം തേങ്ങുന്നതുപോലെയുമാണ് കവിത രൂപപ്പെടുന്നതെന്നും പ്രഭാവർമ്മ പറഞ്ഞു.
ഒരുവ്യാഴവട്ടത്തിനു ശേഷം കേരളത്തിലേക്ക് ഈ പുരസ്കാരമെത്തിയതിൽ അഭിമാനമുണ്ടെന്ന് ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത ഡോ. കെ.ജെ. യേശുദാസ് പറഞ്ഞു. പ്രഭാവർമ്മയുടെ അവാർഡിനർഹമായ ‘രൗദ്രസാത്വികത്തിലെ’ വരികളും അദ്ദേഹം ആലപിച്ചു. മനസിൽ സംഗീതവും മറ്റുള്ളവരുടെ പ്രശ്നത്തിൽ അനുകമ്പയുമുള്ള കവിയാണ് പ്രഭാവർമ്മയെന്ന് ഡോ.ദാമോദർ മൗജോ പറഞ്ഞു.ഡോ.കെ.ആർ.ശ്യാമ,കെ.ആർ.ബിർള ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സുരേഷ് ഋതുപർണ,മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ,ഡോ.ബി.സന്ധ്യ,ഡോ.ജി.രാജ്മോഹൻ, വിസിൽ എം.ഡി ദിവ്യ എസ്.അയ്യർ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് നടന്ന നൃത്തസന്ധ്യ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രഭാവർമ്മയുടെ ആത്മകഥ നമാമി മനസാ ശിരസാ,കവിതാസമാഹാരം പ്രണയത്തിന്റെ കാവ്യപുസ്തകം എന്നിവ പ്രകാശനം ചെയ്തു.നടൻ മോഹൻലാൽ ഓൺലൈനായി ആശംസയർപ്പിച്ചു.
സരസ്വതി സമ്മാൻ
കെ.കെ.ബിർള ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.15ലക്ഷമാണ് സമ്മാനത്തുക. ജ്ഞാനപീഠത്തെക്കാൾ ഉയർന്ന സമ്മാനത്തുകയുള്ള പുരസ്കാരം രാജ്യത്തെ 22ഭാഷകളിലെ മികച്ച എഴുത്തുകാർക്കാണ് സമ്മാനിക്കുന്നത്. ബാലാമണിയമ്മ, അയ്യപ്പപ്പണിക്കർ, സുഗതകുമാരി എന്നിവർക്ക് ശേഷം ഈ പുരസ്കാരത്തിന് അർഹനായ മലയാളിയാണ് പ്രഭാവർമ്മ.
Source link