മഴയോ വെയിലോ അല്ല,​ ഹൈറേഞ്ചിലെ കാർഷിക മേഖലയെ തകർക്കുന്ന വില്ലനെത്തി

highrange

കട്ടപ്പന : വിവിധങ്ങളായ പ്രതിസന്ധികൾ ഹൈറേഞ്ചിലെ കാർഷിക മേഖലയെ പിടിച്ചുലക്കുന്നു. കൊടിയ വേനലും, ശക്തമായ മഴയും വിവിധ വിളകളെ ആകെ നശിപ്പിച്ചിരുന്നു. അതിനോടൊപ്പം തന്നെ വിലയിടവും വിളകൾക്ക് ഉണ്ടാകുന്ന രോഗബാധകളും കർഷകരെ കടക്കെണിയിലുമാക്കി. ഇപ്പോൾ കർഷകർക്ക് ഇരട്ടി പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് കൃഷിയിടങ്ങളിൽ ഒച്ച് ശല്യം വർദ്ധിക്കുന്നത്.

പ്രതികൂല കാലാവസ്ഥയിൽ നാശം സംഭവിച്ച കൃഷിയിടങ്ങളെ ഏറെ പ്രയത്നത്തിലൂടെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കർഷകർ.വിളകളിൽ ന്യായമായ വിലയും കമ്പോളത്തിൽ നിലവിൽ ലഭിക്കുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് ഇരുട്ടടി എന്നോണം കൃഷിയിടങ്ങളിൽ ഒച്ചുകൾ പെരുകുന്നത്. പച്ചക്കറി മുതൽ ഏലം അടക്കമുള്ള കൃഷികളിൽ ഒച്ച് പാടെ നാശം വിതക്കുന്നു. കാഞ്ചിയാർ അടക്കമുള്ള കാർഷിക മേഖലയിൽ വലിയതോതിലാണ് ഒച്ചുകൾ പെരുകുന്നത്.
അടുക്കളത്തോട്ടം അടക്കമുള്ള പച്ചക്കറി കൃഷിയിടങ്ങളിൽ വ്യാപക നാശമാണ് ഒച്ചുകൾ വരുത്തിയിട്ടുള്ളത് . പച്ചക്കറി ചെടികളുടെ ഇലകളും തണ്ടും ഇവ പൂർണമായി ഭക്ഷിക്കുന്നു. കൂടാതെ വേരുകളിളും നാശം ഉണ്ടാക്കും. ഇതോടെ പച്ചക്കറി കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് വീട്ടമ്മമാർ ഉൾപ്പെടെയുള്ള പച്ചക്കറി കർഷകർ.
കൃഷിയിടങ്ങൾക്ക് പുറമേ വീടുകളിലും ഒച്ചിന്റെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. രാത്രി സമയങ്ങളിലും പുലർച്ചേ സമയങ്ങളിലുമാണ് കൃഷിയിടങ്ങളിൽ ഒച്ചുകളെ വ്യാപകമായി കാണുന്നത്.
കാട്ടുപന്നി, കുരങ്,അടക്കമുള്ള വന്യജീവികൾ ഉണ്ടാക്കുന്ന കൃഷിനാശത്തിനൊപ്പം തന്നെയാണ് ഒച്ചുകളും വില്ലനാകുന്നത്. മുൻപ് ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിൽ വലിയ നാശം ഉണ്ടാക്കിയിരുന്നു.എന്നാൽ ഏതാനും മേഖലയിൽ മാത്രമായിരുന്നു അവയുടെ ശല്യം ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ സാധാരണമായി ഈർപ്പമുള്ള ഭാഗങ്ങളിൽ കണ്ടുവരുന്ന ഒച്ചുകളാണ് മുട്ടയിട്ട് പെരുകി ഹൈറേഞ്ചിൽ ആകെ വ്യാപിക്കുന്നത് .

=ഏലം അടക്കമുള്ളവയുടെ ചരങ്ങളിലാണ് ഒച്ചുകൾ നാശം വിതയ്ക്കുന്നത്. ചരങ്ങളിലെ പൂവും ചെറു കായ്കളും പാടെ നശിപ്പിക്കുന്നു. കുരുമുളക്, മറ്റു ഫല വൃക്ഷം എന്നിവയുടെ തളിരിലകളാണ് ഇവ ഭക്ഷിക്കുന്നത്.

> മുന്നറിയിപ്പ് നൽകി

കൃഷി വകുപ്പ്

മെറ്റാൽഡേഹൈഡ് സ്ലഗ് പെല്ലറ്റ്സ് എന്ന കീടവസ്തു ഉപയോഗിച്ചാൽ ഒരു പരിധിവരെ ഇവയെ തുരത്താം എന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.


Source link
Exit mobile version