KERALAMLATEST NEWS

102 കിലോ ഭാരം, ഉയരം 6 അടി 3 ഇഞ്ച്,​ ചോരക്കണ്ണുകൾ…

102 കിലോ തൂക്കം, 6 അടി 3 ഇഞ്ച് ഉയരം, ചോരക്കണ്ണുകൾ, മുറിപ്പാടുകളുള്ള മുഖം… ഇങ്ങനെയൊരു വില്ലനെ കിട്ടാൻ സിനിമ കാത്തിരുന്നതുപോലെ. ആറാം തമ്പുരാനിലെ ചെങ്കളം മാധവൻ, നരസിംഹത്തിലെ ഭാസ്കരൻ, മായാവിയിലെ യതീന്ദ്രൻ, സ്റ്റാലിൻ ശിവദാസിലെ നേതാവ്, ഉപ്പുകണ്ടം ബ്രദേഴ്സിലെ ജോസ് പൗലോച്ചൻ… വില്ലൻ കീരിക്കാടനാണോ എന്നാൽ അടി കലക്കും എന്ന ഗ്യാരന്റി പ്രേക്ഷകനുണ്ടായി.

അതിന്റെ ആരംഭം ഇങ്ങനെ. രാമനാഥപുരം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയ ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായർ. അയാളുടെ നോട്ടം ചെന്നെത്തുന്നത് ചുമരിലെ ക്രിമിനുലുകളുടെ ഫോട്ടോകളിലേക്ക്. അതിന്റെ നടുവിൽ ജോസ്(കീരിക്കാടൻ ജോസ്) എന്നെഴുതിയിട്ടുണ്ട്. പക്ഷേ,​ പടമില്ല.

ജോസിന്റെ പടം ഒട്ടിക്കാൻ പറ്റില്ല, അയാൾ വന്ന് കീറിക്കളയും. രണ്ടുമൂന്ന്കൊലക്കേസിൽ ശിക്ഷിച്ചിട്ടുള്ളതാ… കോൺസ്റ്റബിൾ ഹമീദ് (മാമുക്കോയ) പറയുന്ന ഡയലോഗു മുതൽ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിന്റെ ഭീകരത പ്രേക്ഷകരിൽ നിറയുന്നു. പിന്നെയുള്ള സീനുകളിലെല്ലാം ജോസിനെ പറ്റിയുളള ഭീകര വർണ്ണനകളാണ്.

എട്ടു പത്ത് കൊലക്കേസിലെ പ്രതി, രാവിലെ അറുക്കണ ആടിന്റെ ചോര കുടിച്ചിട്ട് വീടുവരെ മൂന്നു കിലോമീറ്റർ ഓടും…. അങ്ങനെപോകുന്നു വർണ്ണനകൾ.

ജോസിന്റെ കൂട്ടത്തിലുള്ള പരമേശ്വരനോട് എണീറ്റ് വണ്ടിയിൽ കയറടാ… എന്ന് പറയുന്ന അച്യുതൻ നായരുടെ പുറകിലെത്തി ഷർട്ടിൽ തൂക്കിയെടുത്ത് ഇടിച്ചു തെറിപ്പിക്കുന്ന അതികായൻ. അപ്പോഴാണ് കീരിക്കാടൻ ജോസ് സ്ക്രീനിൽ നിറയുന്നത്.

ആ സീൻ മുതൽ സിനിമയുടെ ഗതിമാറുകയാണ്. ജോസിനെ അവതരിപ്പിച്ച മോഹൻരാജിന്റെയും. റിലീസ് ദിനം സെക്കൻഡ്ഷോ കാണാൻ കോഴിക്കോട് തീയേറ്ററിൽ മോഹൻരാജ് ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞ്

മടങ്ങാനയി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യാൻ, ഓടിക്കൂടിയ പ്രേക്ഷകർ സമ്മതിക്കുന്നില്ല.മോഹൻലാലിനെ ചവിട്ടത്തെറിപ്പിച്ച വില്ലനെ തൊടണം,കൈപിടിച്ചു കുലുക്കണം.

അങ്ങനെ വില്ലന്മാരുടെ മുൻനിരയിലേക്ക് ഒരു പേരെത്തി- കീരിക്കാടൻ ജോസ്. മോഹൻരാജ് എന്ന സ്വന്തം നാമം അതോടെ അലിഞ്ഞുപോയി.

കീരിക്കാടനാണ് കിരീടത്തിന്റെ നട്ടെല്ലെന്ന് ലോഹിതദാസ് പലതവണ പറഞ്ഞിട്ടുണ്ട്. മോഹൻരാജ് മോഹൻലാലിന്റെ പ്രതിയോഗിയായെത്തിയപ്പോഴെല്ലാം തിയേറ്ററുകൾ ഇളകിമറിഞ്ഞു.

വില്ലൻവേഷങ്ങൾ തുടർച്ചയായി കിട്ടിയപ്പോൾ മോഹൻരാജിന് മടുത്തു

”അടിവാങ്ങുന്ന വേഷങ്ങൾ തന്നെയാണ് ഇപ്പോഴും വരുന്നത്. അതിലൊരു പുതുമയില്ല. സിനിമയിലെ വില്ലൻമാരുടെ ജീവിതം കഷ്ടമാണ്. മാനസികമായും സാമ്പത്തികമായും നേട്ടമൊന്നുമില്ല.- അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘ഹലോ’യിൽ പട്ടാമ്പി രവി എന്ന കഥാപാത്രത്തിലൂടെ തമാശ വേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു.

സത്യരാജിന്റെ പകരക്കാരൻ

ആൺപാപം എന്ന തമിഴ് ചിത്രത്തിലാണ് മോഹൻരാജ് ആദ്യം അഭിനിച്ചത്. സത്യരാജിനായി കരുതിവച്ചിരുന്ന വേഷമായിരുന്നു അത്. വേഷം ചെറുത് എന്ന് പറഞ്ഞ് സത്യരാജ് ഉപേക്ഷിച്ചപ്പോൾ

മോഹൻരാജിന് നറുക്കുവീണു.

ഏതാണ്ടതുപോലെ കീരിക്കാടന്റെ വേഷവും. കലാധരൻ സംവിധാന സഹായിയായി ജോലി ചെയ്യുന്ന കാലത്താണ് കിരീടത്തിലേക്ക് മോഹൻരാജിനെ ക്ഷണിക്കുന്നത്. തീരുവനന്തപുരത്തെ ഗീത് ഹോട്ടലിൽ ലോഹിതദാസിനു മുന്നിൽ മോഹൻരാജ് നിന്നു. അടിമുടിനോക്കിയ ലോഹി ഉറപ്പിച്ചു- ഇത് തന്നെ കീരീക്കാടൻ ജോസ്. സംവിധായകൻ സിബി മലയിലിന്റെയും മനം നിറഞ്ഞു.

തെലുങ്ക് നടൻ പ്രദീപ് ശക്തിക്കുവേണ്ടി കരുതിയിരുന്ന വേഷമായിരുന്നു അത്. പ്രദീപ് വരാത്തതു നന്നായി എന്നാണ് അപ്പോൾ എല്ലാവർക്കും തോന്നിയത്.


Source link

Related Articles

Back to top button