വന്നു, കണ്ടു, ഒറിജിനൽ കീരിക്കാടൻ ജോസ്
യാദൃച്ഛികമായി മുന്നിലെത്തിയതാണ് മോഹൻരാജ്. ‘കിരീട”ത്തിലെ കീരിക്കാടൻ ജോസ് എന്ന ഗുണ്ടയെ അവതരിപ്പിക്കാൻ പറ്റിയ നടൻ. ആദ്യകാഴ്ചയിൽ തന്നെ അത് വ്യക്തമായി. കീരിക്കാടൻ ജോസെന്ന് പിന്നീട് മോഹൻരാജ് അറിയപ്പെടുകയും ചെയ്തു.
എല്ലാവരും ഭയപ്പെടുന്ന കഥാപാത്രമാണ് കീരിക്കാടൻ ജോസ്. അറിയപ്പെടുന്ന നടന്മാർ അഭിനയിക്കാൻ തയ്യാറാകുമോയെന്ന ആശങ്ക മൂലമാണ് പുതുമുഖത്തെ തേടിയത്. പറ്റിയയാളെ കണ്ടെത്താൻ നിരവധി പേരുമായി കൂടിക്കാഴ്ച നടത്തി. ഓഡിഷനുകളും പലതവണ നടത്തി. അതിനിടെ വളരെ യാദൃച്ഛികമായാണ് മോഹൻരാജിനെ കാണുന്നത്. ആളുടെ രൂപവും ഭാവവും ഇഷ്ടപ്പെട്ടു. മൂന്നാം മുറ എന്ന സിനിമയിൽ ഗുണ്ടാസംഘങ്ങളുടെ കൂട്ടത്തിൽ അഭിനയിച്ചിട്ടേയുള്ളു. ആരും കണ്ടാൽ തിരിച്ചറിയില്ല. പുതുമുഖമെന്നേ തോന്നുമായിരുന്നുള്ളൂ.
പ്രധാനരംഗങ്ങളിൽ മോഹൻലാലിനൊപ്പം സംഘട്ടനരംഗങ്ങളിൽ അഭിനയിക്കുന്നതിൽ മോഹൻരാജിന് പിരിമുറുക്കമുണ്ടായിരുന്നു. അത് മാറ്റുന്നതിന് ശ്രദ്ധിച്ചു. ലാലുൾപ്പെടെ വലിയ പിന്തുണ നൽകി. പരിഭ്രമം ഉണ്ടാകാത്തവിധത്തിൽ വലിയ ശ്രദ്ധയാണ് സെറ്റിൽ നൽകിയത്. സംഘട്ടനരംഗങ്ങളിൽ അഭിനയിക്കാൻ പ്രത്യേക പരിശീലനവും നൽകി. സിനിമയിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിൽ അദ്ദേഹം മികവോടെ അഭിനയിച്ചു. മൂന്നു ദിവസം കൊണ്ടാണ് സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ചത്.
കിരീടത്തിന്റെ രണ്ടാംഭാഗമായ ചെങ്കോലിലും അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളിൽ വില്ലനായും അല്ലാതെയും ശ്രദ്ധ നേടി. കിരീടത്തിനു ശേഷവും മോഹൻരാജ് സൗഹൃദം തുടർന്നിരുന്നു.
Source link