CINEMA

കിരീടം ഇറങ്ങിയ കാലം മുതൽ മോഹൻരാജ് കേട്ട ചോദ്യം, ‘നിങ്ങളല്ലേ കീരിക്കാടൻ?’


‘കീരിക്കാടൻ ജോസല്ലേ?’ ‘അല്ല’.. ‘നിങ്ങളല്ലേ കിരീടം സിനിമയിൽ കീരിക്കാടൻ ജോസായി അഭിനയിച്ചത്?’ ‘അതെ. കിരീടത്തിൽ മോഹൻലാൽ സേതുമാധവനായിരുന്നു. മോഹൻലാലിനെ സേതുമാധവാ എന്നാണോ എല്ലാവരും വിളിക്കുന്നത്. എന്റെ പേര് മോഹൻരാജ് എന്നാണ്’. 
സിബി മലയിൽ സംവിധാനം ചെയ്ത കിരീടം ഇറങ്ങിയിട്ട് 29 വർഷമായി. പക്ഷേ, അന്നുമുതൽ മോഹൻരാജിനോട് ആളുകൾ ചോദിക്കുന്നു– ‘‘നിങ്ങളല്ലേ കീരിക്കാടൻ ജോസ്?’’ 

ചെയ്ത വില്ലൻവേഷത്തിന്റെ പേരിൽ അറിയപ്പെടുന്ന താരങ്ങൾ കുറവായിരിക്കും. എന്നാൽ മോഹൻരാജിന് അങ്ങനെ അറിയപ്പെടാനായിരുന്നു നിയോഗം. 

മോഹൻരാജ് എന്നു പറഞ്ഞാൽ പലരും അറിയില്ല. കീരിക്കാടൻ ജോസ് എന്നു പറഞ്ഞാൽ കൊച്ചുകുട്ടികൾവരെ അറിയും. പക്ഷേ, ഈ കീരിക്കാടൻ വേഷംതന്നെയാണു മോഹൻരാജിന്റെ ഔദ്യോഗിക ജീവിതം തകർത്തതെന്ന സത്യം പലർക്കും അറിയില്ല. സിനിമയിൽ അഭിനയിച്ചതിന്റെപേരിൽ 20 വർഷമാണു ജോലിയിൽനിന്നു പുറത്തുനിൽക്കേണ്ടിവന്നത്.
ഒറ്റനോട്ടത്തിൽ കീരിക്കാടൻ 
നടനാകാൻ മോഹിച്ചു സിനിമാലോകത്ത് എത്തിയതായിരുന്നില്ല മോഹൻരാജ്. ആകസ്മികമായി സംഭവിച്ചതായിരുന്നു. ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് ‘കഴുമലൈ കള്ളൻ’,  ‘ആൺകളെ നമ്പാതെ’ എന്നീ തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. 

സംവിധായകൻ കലാധരനാണു കിരീടത്തിന്റെ സെറ്റിലേക്കു കൊണ്ടുപോകുന്നത്. കന്നടയിലെ പ്രശസ്തനായ നടനെയായിരുന്നു കീരിക്കാടൻ ജോസിന്റെ വേഷം ചെയ്യാൻ സംവിധായകൻ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും കണ്ടുവച്ചിരുന്നത്. എന്നാൽ പറഞ്ഞദിവസം നടന് എത്താൻ സാധിച്ചില്ല. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള മോഹൻരാജിനെ കലാധരന്റെ മുറിയിൽവച്ചു സംവിധായകൻ കാണാനിടയായി. ഒറ്റമാത്രയിൽത്തന്നെ അദ്ദേഹം മുന്നിലിരിക്കുന്ന ആളിൽ കീരിക്കാടൻ ജോസിനെ കണ്ടു. 
പിന്നീടു ലോഹിതദാസും മോഹൻരാജിനെ കാണാനെത്തി. ഹോട്ടലിലെ ലിഫ്റ്റിനടുത്തുവച്ചു ലോഹിതദാസ് ഒന്നേ നോക്കിയുള്ളൂവെന്നു മോഹൻരാജ്. ആ നോട്ടം ജീവിതം വഴിതിരിച്ചുവിട്ടു.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണു കിരീടത്തിൽ അഭിനയിക്കുന്നത്. ചിത്രം വൻ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ വില്ലൻമാരിൽ മുൻനിരയിലെത്തി.  തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു. 

കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സർക്കാരിൽനിന്ന് അനുവാദം വാങ്ങണം. അതൊന്നും ചെയ്യാതെയായിരുന്നു മോഹൻരാജ് സിനിമയിൽ അഭിനയിച്ചത്. സിനിമയിൽ പേരും പ്രശസ്തിയുമായി മോഹൻരാജ് ഉയരങ്ങളിലേക്കു കയറിപ്പോകുന്നതുകണ്ട ചില മേലുദ്യോഗസ്ഥർക്കതു പിടിച്ചില്ല. അവരുടെ ഇടപെടൽകൊണ്ട് സസ്പെൻഷൻ പെട്ടെന്നുതന്നെ കിട്ടി. 

അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനുശേഷമാണ്. 2010ൽ ആണു ജോലി തിരികെ ലഭിക്കുന്നത്. പക്ഷേ, നഷ്ടപ്പെട്ട സർവീസ് തിരികെ ലഭിച്ചില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേ മടുപ്പുവന്നു. കാരണം, കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം തന്നെ. 2015ൽ ജോലിയിൽനിന്നു സ്വമേധയാ വിരമിച്ചു. സിനിമയിൽ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയും ഏറെ മാറിയിരുന്നു. 
മലയാള സിനിമ ന്യൂജൻ ആയതോടെ വില്ലൻമാരുടെയൊക്കെ പണി പോയി. പലരും കോമഡി വേഷങ്ങളിലേക്കു കൂടുമാറിയപ്പോൾ മോഹൻരാജ് അഭിനയത്തിൽനിന്നു മാറിനിൽക്കുകയായിരുന്നു. ചിറകൊടിഞ്ഞ കിനാവുകൾ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. കിരീടത്തിലെ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടൊക്കെ പാടുന്ന ഡ്രൈവർ ജോസ് എന്ന കഥാപാത്രമായിരുന്നു ഈ സിനിമയിൽ. എന്നാൽ എങ്ങനെയോ കത്രികയിൽ തന്റെ വേഷം വെട്ടിമാറ്റപ്പെട്ടുവെന്നു മോഹൻരാജ് പറഞ്ഞു. 
‘‘കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ല എന്നറിയാം. എന്നാലും എന്നും ഓർക്കാൻ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താൽ കൊള്ളാമെന്നുണ്ട്. അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലും സംവിധായകൻ വരുമെന്നു പ്രതീക്ഷിക്കാം’’– മോഹൻരാജ് പറഞ്ഞു.


Source link

Related Articles

Back to top button