KERALAMLATEST NEWS

കൊല്ലം മൈനാഗപ്പള്ളി കാ‌ർ അപകടക്കേസ്: ഒന്നാം പ്രതി അജ്‌മലിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: മൈനാഗപ്പള്ളി കാ‌ർ അപകടക്കേസിൽ ഒന്നാം പ്രതി അജ്‌മലിന്റെ ജാമ്യാപേക്ഷ തള്ളി. വാദം പോലും കേൾക്കാതെയാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂർവ്വമുള്ള കുറ്റമാണെന്ന് കോടതി പറഞ്ഞു.

മനഃപ്പൂർവ്വമുള്ള നരഹത്യാക്കുറ്റമാണ് അജ്‌മലിനെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്‌താംകോട്ട മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ഡോ. ശ്രീകുട്ടിക്ക് അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. കൊല്ലം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കഴിഞ്ഞ മാസം 15നാണ് കൊല്ലം മൈനാഗപ്പള്ളിയിൽ അപകടമുണ്ടായത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും സ്‌കൂട്ടറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അജ്മലിന്റെ കാർ ഇവരെ ഇടിച്ചിടുകയായിരുന്നു. വളവുതിരിഞ്ഞു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 9.45ഓടെ മരണപ്പെട്ടു.

നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ കാര്‍ നിര്‍ത്തി അജ്മല്‍ ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ശ്രീക്കുട്ടിയെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ അജ്മലിനെയും അറസ്റ്റ് ചെയ്തു. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. കാറിന്റെ പിൻസീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി.


Source link

Related Articles

Back to top button