‘അഭിമുഖത്തിനായി ഒരു രൂപ പോലും ഞാനോ സർക്കാരോ ചെലവിട്ടിട്ടില്ല’; ഹിന്ദുവിന്റേത് മാന്യമായ നിലപാടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹിന്ദുവിന്റെ അഭിമുഖത്തിനായി ഒരു പിആർ ഏജൻസിയെയും ഏർപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ആർക്കും പണം നൽകിയിട്ടില്ല. മുൻ എംഎൽഎയുടെ മകനിലൂടെയാണ് ഹിന്ദുവിന് അഭിമുഖം നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എന്നാൽ, ഹിന്ദു പത്രത്തിനെതിരെയോ പിആർ ഏജൻസിക്കെതിരെയോ നിയമനടപടി സ്വീകരിക്കാൻ തയ്യാറല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

എന്റെ അഭിമുഖത്തിനായി ഹിന്ദു പത്രം ആവശ്യപ്പെടുന്നുണ്ടെന്ന് എന്റെ പരിചയത്തിലുള്ള ഒരു ചെറുപ്പക്കാരനാണ് പറയുന്നത്. അത് ആലപ്പുഴയിലെ മുൻ എംഎൽഎ ടികെ ദേവകുമാറിന്റെ മകനാണ്. എനിക്ക് വേറെ ബുദ്ധിമുട്ടുകളില്ലാത്തിനാൽ സമയം അനുവദിച്ചു. രണ്ടുപേരായിരുന്നു വന്നത്. ഒരാൾ സ്‌ത്രീയാണ്. ഒറ്റപ്പാലത്തുകാരിയാണ് ഇതിന് മുമ്പും എന്റെ അഭിമുഖം എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ചോദിച്ചതിനെല്ലാം ഞാൻ മറുപടി പറഞ്ഞു. അതിലൊന്ന് അൻവറിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ടായിരുന്നു. അതിൽ ഞാൻ മറുപടി പറഞ്ഞതാണെന്നും ഇനി വിശദീകരിക്കുന്നില്ലെന്നും മറുപടി നൽകി.

വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിട്ടും നല്ല രീതിയിൽ നിങ്ങൾ മറുപടി നൽകി എന്നവർ എന്നോട് പറഞ്ഞു. അവിടെ നിന്നും പിരിയുകയും ചെയ്‌തു. പക്ഷേ, പ്രസിദ്ധീകരിച്ച് വന്നപ്പോൾ അതിൽ ഞാൻ പറയാത്ത ഭാഗങ്ങളും ഉണ്ടായി. ഏതെങ്കിലും ഒരു സ്ഥലത്തെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന രീതി ഇതുവരെ എനിക്കില്ല. അത് നിങ്ങൾക്കും അറിയാവുന്നതാണ്. ഞാനോ സർക്കാരോ യാതൊരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു രൂപ പോലും ഇതിനായി ചെലവഴിച്ചിട്ടുമില്ല.

ദേവകുമാർ വ്യക്തമായ രാഷ്‌ട്രീയ നിലപാടുള്ള ആളാണ്. ചെറുപ്പം മുതലേ കൂടെനിൽക്കുന്ന വ്യക്തിയാണ്. അതാണ് അദ്ദേഹം പറഞ്ഞപ്പോൾ അഭിമുഖത്തിന് തയ്യാറായത്. അഭിമുഖം നടക്കുന്നതിനിടെ ഒരാൾ വന്നിരുന്നു. അവർക്കൊപ്പമുള്ള ആളാണെന്നാണ് കരുതിയത്. പിന്നീടാണ് ഏതോ ഏജൻസിയുടെ ആളാണെന്ന് പറയുന്നത്. എനിക്ക് അയാളെയും ഒരു ഏജൻസിയും അറിയില്ല. അവരുടെ ഭാഗത്ത് തെറ്റുള്ളതിനാലാണ് ഹിന്ദു ഖേദം പ്രകടിപ്പിച്ചത്. അത് മാന്യമായ നിലപാടായിരുന്നു. അതിനാൽ, മറ്റ് നിയമനടപടികളിലേക്കൊന്നും കടക്കുന്നില്ല.


Source link
Exit mobile version