ഒക്‌ടോബർ വിഷപ്പാമ്പുകൾ ഇണചേരുന്ന കാലം; മനുഷ്യരെ ആക്രമിക്കാൻ സാദ്ധ്യത കൂടുതലെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഒക്‌ടോബർ മുതൽ വിഷപ്പാമ്പുകൾ ഇണചേരുന്ന കാലമാണെന്നും അതിനാൽ പാമ്പ് കടിയേൽക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും മുന്നറിയിപ്പുമായി വനംവകുപ്പ്. സംസ്ഥാനത്ത് ഒറ്റ മാസത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചത് എട്ടുപേരാണ്. സ്വതവേ ശാന്തസ്വഭാവമുള്ള ഇനത്തിൽപ്പെടുന്ന പാമ്പുകൾ പോലും ഇണചേരൽക്കാലത്ത് അപകടകാരികളായി മാറുമെന്നും അധികൃതർ പറയുന്നു.
സാധാരണയായി ആളുകളുടെ കണ്ണിൽപ്പെടാതെ കഴിയുന്ന വെള്ളിക്കെട്ടൻപാമ്പ് പ്രജനനകാലത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളത്. ഇണചേരുന്നതിനായി പെൺപാമ്പുകളുടെ അടുത്തേയ്ക്ക് എത്തുന്നതിനായാണ് അവ ഒളിയിടങ്ങളിൽ നിന്ന് പുറത്തേയ്ക്ക് വരുന്നത്. ഈ സമയങ്ങളിൽ ആൺ പാമ്പുകൾ തമ്മിൽ ആക്രമിക്കാറുണ്ട്. ഈ സമയങ്ങളിൽ ഇവ മനുഷ്യരെ കണ്ടാലും ആക്രമിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പ്രജനനകാലത്ത് പകൽ സമയങ്ങളിലും ഇവയെ ഒറ്റയ്ക്കും ജോഡിയായും കാണാറുണ്ട്.
ഒരു പാമ്പിനെ കണ്ട പരിസരത്തായി ഒന്നിലധികം പാമ്പുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതിനാൽ പാമ്പ് പിടിത്തക്കാർ അടക്കമുള്ളവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. പാമ്പ് കടിയേറ്റാൽ ചികിത്സ വൈകുന്നതും അശാസ്‌ത്രീയ ചികിത്സ നടത്തുന്നതുമാണ് മിക്കപ്പോഴും മരണത്തിലേയ്ക്ക് നയിക്കുന്നത്. ആശുപത്രികളിലും ഈ കാലയളവിൽ പ്രത്യേക കരുതലുണ്ടാവണമെന്ന് വനംവകുപ്പ് അധികൃതർ അറിയിക്കുന്നു.
Source link