ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കാശ്‌മീർ പൊലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്‌ച കഠ്‌വയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
കഴിഞ്ഞദിവസം കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വിപൻ കുമാർ, അർവിന്ദ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. കിഷ്ത്വാറിലെ ഛത്രൂവിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സുരക്ഷാ സേനയും തെരച്ചിൽ തുടങ്ങിയതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്.
കിഷ്‌ത്വാറിൽ ഏറ്റുമുട്ടിയ ഭീകരർ ജൂലായിൽ ദോഡയിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ഉൾപ്പെട്ടവരാണെന്ന് സൂചനയുണ്ട്.സെപ്തംബർ 18ന് ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിലായി എട്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. കഴിഞ്ഞ ദിവസം കത്വ-ഉധംപൂർ അതിർത്തിക്കടുത്തുള്ള ബസന്ത്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
Source link