ഇറാനെ പിണക്കാൻ പതിറ്റാണ്ടുകളോളം ഭയന്ന ഇസ്രയേൽ; സൈനിക, ആയുധ കരുത്തിൽ മുന്നിലുള്ളത് ആര്?
ഇസ്രയേലിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണവും കനത്ത വില നൽകേണ്ടി വരുമെന്ന ഇസ്രയേലിന്റെ താക്കീതും മൂലം സംഘർഷഭരിതമാണ് പശ്ചിമേഷ്യ. ലോകശക്തികളായ അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണ ഇസ്രയേലിനുണ്ട്. ഇറാനെ പിന്തുണയ്ക്കുമെന്ന് തുർക്കിയും വ്യക്തമാക്കിയിരുന്നു. ഇറാനും ഇസ്രയേലിനോടും അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യക്ക് നിഷ്പക്ഷ നിലപാട് മാത്രമേ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. ഇസ്രയേൽ ഒരേസമയം ഗാസയിൽ ഹമാസുമായും ലെബനനിൽ ഹിസ്‌ബുള്ളയുമായും ഇറാനുമായും യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇവരിൽ ആരുടെ പക്കലാണ് ഏറ്റവും വലിയ സൈനിക ശക്തിയുള്ളതെന്ന് അറിയുമോ?
സൈനിക ശക്തിയും ആയുധശേഖരവുമാണ് ഇറാന്റെ എക്കാലത്തുമുള്ള കരുത്ത്. അതിനാൽ തന്നെ പ്രധാന ശത്രുക്കളായ ഇസ്രയേലും അമേരിക്കയും പണ്ടുമുതൽതന്നെ ഇറാനുമായി കൊമ്പുകോർക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഇറാനും ഇസ്രയേലുമായി താരതമ്യം ചെയ്യുമ്പോൾ മാനുഷിക ശക്തിയിൽ ഇറാനാണ് മുന്നിൽ. ഇസ്രയേലിനേക്കാൾ പത്തിരട്ടി കൂടുതലാണ് ഇറാന്റെ ജനസംഖ്യ. ആതിനാൽ തന്നെ സായുധ സേനയിലേയ്ക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുന്നു. ഗ്ലോബൽ ഫയർപവറിന്റെ 2024 സൂചിക പ്രകാരം ഇറാന്റെ ജനസംഖ്യ 8,75,90,873 ആണ്. ഇസ്രയേലിന്റെ 90,43,387ഉം.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, ഇറാനിയൻ സായുധ സേനയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സേന. കുറഞ്ഞത് 5,80,000 സജീവ-ഡ്യൂട്ടി ഉദ്യോഗസ്ഥരും ഏകദേശം 2,00,000ലധികം പരിശീലനം ലഭിച്ച റിസർവ് ഉദ്യോഗസ്ഥരും പരമ്പരാഗത സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിനും ഇടയിലായി വിഭജിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇസ്രയേലിന് സൈന്യത്തിലും നാവികസേനയിലും അർദ്ധസൈനിക വിഭാഗത്തിലുമായി 1,69,500 സജീവ സൈനികരാണുള്ളത് 4,65,000 പേർ റിസർവ് സൈനികരാണ്. അർദ്ധസൈനിക വിഭാഗത്തിന്റെ ഭാഗമായി 8000 പേരുമുണ്ട്.
എന്നിരുന്നാലും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവാക്കുന്നതിന്റ കാര്യത്തിൽ ഇസ്രയേലാണ് മുന്നിൽ. ഗ്ലോബൽ ഫയർപവർ സൂചിക പ്രകാരം ഇസ്രയേലിന്റെ പ്രതിരോധ ബജറ്റ് 24 ബില്യൺ ഡോളറാണ്, ഇറാന്റേത് 9.95 ബില്യൺ ഡോളറും.
മനുഷ്യശക്തിയിൽ ഇറാൻ ഇസ്രയേലിനെ മറികടക്കുമെങ്കിലും ആയുധശേഖരത്തിൽ ഇസ്രയേലിനാണ് മുൻതൂക്കം. വ്യോമശക്തിയിൽ കരുത്തരാണ് ഇസ്രയേൽ. ഗ്ലോബൽ ഫയർ പവർ സൂചിക പ്രകാരം ഇസ്രയേലിന് സ്വന്തമായി 612 വിമാനങ്ങളാണുള്ളത്, ഇറാന്റെ പക്കലുള്ളത് 551ഉം. എഫ്-15, എഫ്-16, എഫ്-35 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങൾ ഇസ്രയേലിന്റെ വ്യോമസേനയിൽ ഉൾപ്പെടുന്നു. അയൺ ഡോം, ഡേവിഡ്‌സ് സ്ളിംഗ്, ആരോ പോലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളും ഇസ്രയേലിനുണ്ട്.
എന്നാൽ താരതമ്യങ്ങൾക്കും അധീതമാണ് ഇറാന്റെ മിസൈൽ ശേഖരം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും ആയുധശേഖരങ്ങളിലൊന്ന് ഇറാന്റെ പക്കലാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ക്രൂയിസ് മിസൈലുകളും ആന്റി ഷിപ്പ് മിസൈലുകളും 2,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഉൾപ്പെടുന്നു. ഇസ്രയേൽ ഉൾപ്പെടെ ഏത് ലക്ഷ്യവും തകർക്കാനുള്ള ശേഷിയും ദൂരപരിധിയും ഇവയ്ക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുക്രെയിനെതിരായ യുദ്ധത്തിൽ റഷ്യ പ്രയോഗിച്ചത് ഇറാന്റെ ഡ്രോണുകളാണ്.
കരശക്തിയിലും ഇറാനാണ് മുന്നിൽ. ഇസ്രയേലിന്റെ കൈവശം 1,370 ടാങ്കുകളാണുള്ളത്, ഇറാന്റെ കൈവശം 1,996 ടാങ്കുകളും. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ചരീതിയിൽ രൂപകല്പന ചെയ്യപ്പെട്ടതും ആയുധശേഖരവുമുള്ള ടാങ്കറുകളാണ് ഇസ്രയേലിനുള്ളത്.
ചെറുബോട്ട് ആക്രമണങ്ങൾക്കും പേരുകേട്ടവരാണ് ഇറാൻ. ഇസ്രയേലിന് 67 എണ്ണമുളളപ്പോൾ ഇറാന്റെ കപ്പൽ ശക്തി 101 ആണ്. കൂടാതെ 19 അന്തർവാഹിനികളാണ് ഇറാനുള്ളത്. ഇസ്രയേലിന്റെ പക്കൽ ആകെയുള്ളത് അഞ്ചെണ്ണവും.
ആണവശക്തിയിൽ ഇസ്രയേലാണ് കരുത്തർ. സ്‌റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐപിആർഐ)യുടെ റിപ്പോർട്ട് അനുസരിച്ച്, ഇസ്രയേലിന് ഏകദേശം 80 ആണവായുധങ്ങളാണുള്ളത്.
‘ആക്സിസ് ഓഫ് റെസിസ്റ്റൻസ്” എന്നറിയപ്പെടുന്ന പശ്ചിമേഷ്യയിലുടനീളമുള്ള സായുധ സംഘടനകളുടെ ഒരു ശൃംഖലയെ ഇറാൻ ആയുധങ്ങളും മറ്റും നൽകി പരിശീലിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തികൾ, സിറിയയിലെയും ഇറാഖിലെയും ഗ്രൂപ്പുകളും ഹമാസും ഗാസയിലെ പലസ്തീൻ ഇസ്ലാമിക് ജിഹാദും ഇവയിൽ ഉൾപ്പെടുന്നു. ഇവരെ ഇറാൻ സായുധ സേനയുടെ ഭാഗമായി കണക്കാക്കില്ലെങ്കിലും ഇറാനോട് കടുത്ത വിശ്വസ്തത പുലർത്തുന്നവരാണിവർ. ഇറാൻ ഒന്ന് വിരൽ ഞൊടിച്ചാൽ മതി, ശത്രുവിനെ ആക്രമിക്കാൻ ഇവർ മുന്നിലുണ്ടാവും.
Source link