KERALAMLATEST NEWS

56 വർഷം മുമ്പ് മരിച്ച സൈനികന്റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും

ഇലന്തൂർ: ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ ഓടാലിൽ വീട്ടിൽ തോമസ് ചെറിയാന്റെ (പൊന്നച്ചൻ) ഭൗതിക ശരീരം ഇന്ന് കേരളത്തിലെത്തിക്കും. വിമാനമാർഗം ഇന്ന് വൈകിട്ട് തിരുവനന്തപുരം പാങ്ങോട് സൈനികകേന്ദ്രത്തിൽ എത്തിക്കുന്ന തോമസ് ചെറിയാന് സൈനികർ ഗാർഡ് ഒഫ് ഓണർ നൽകും.

നാളെ രാവിലെ 10 മണിയോടെ തോമസ് ചെറിയാന്റെ ജ്യേഷ്ഠ സഹോദരൻ പരേതനായ വിമുക്തഭടൻ തോമസ് മാത്യുവിന്റെ മകൻ ഷൈജു മാത്യുവിന്റെ വസതിയിൽ സൈനിക ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഭൗതിക ശരീരം കൊണ്ടുവരും. ഇവിടെ പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കുംശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ അന്ത്യശുശ്രൂഷ. സൈനിക ബഹുമതികളോടെയാവും സംസ്കാരം. ആന്റോ ആന്റണി എം.പി ഇന്നലെ തോമസ് ചെറിയാന്റെ വീട്ടിലെത്തി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അദ്ദേഹത്തിന്റെ ബന്ധുക്കളെ കാണും.

മൃതദേഹത്തിൽ പുറമെ പരിക്കുകളില്ല

തോമസ് ചെറിയാന്റെ മൃതദേഹത്തിൽ പുറമെ പരിക്കുകളില്ലെന്ന് സൈനികകേന്ദ്രങ്ങൾ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെ മഞ്ഞുമലയ്ക്കുള്ളിൽ കിടന്ന മൃതദേഹം ഘനീഭവിച്ച് രൂപമാറ്റം സംഭവിച്ചു. 1968ൽ ചണ്ഡീഗഡിൽ നിന്ന് ലേ ലഡാക്കിലേക്കുപോയ എയർഫോഴ്സ് വിമാനം അപകടത്തിൽപ്പെട്ടാണ് അന്ന് 22 വയസുണ്ടായിരുന്ന തോമസ് ചെറിയാൻ മരിച്ചത്. 102 പേർ സഞ്ചരിച്ച വിമാനത്തിലെ എല്ലാവരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു.


Source link

Related Articles

Back to top button