KERALAMLATEST NEWS

പുതിയ പാർട്ടി രൂപീകരിക്കും: അൻവർ

മലപ്പുറം: സി.പി.എമ്മുമായുള്ള പോര് കനക്കുന്നതിനിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് സി.പി.എം സ്വതന്ത്ര എം.എൽ.എ പി.വി. അൻവർ. ആറിന് മഞ്ചേരിയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. മലപ്പുറത്തെ ഓരോ പഞ്ചായത്തിൽ നിന്നും ആയിരത്തോളം പേരെ പങ്കെടുപ്പിക്കും. പാർട്ടിയുടെ പേര്, നയരേഖകളുടെ പ്രഖ്യാപനം വൈകില്ല. 14 ജില്ലകളിലും പാർട്ടിക്ക് കമ്മിറ്റികളുണ്ടാക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ മത്സരിക്കുമെന്നും വസതിയിലെ വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു.

മതേതരത്വം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പാർട്ടിയായിരിക്കും രൂപീകരിക്കുക. പാർട്ടിയുടെ കാഴ്ചപ്പാടുകൾ പിന്നീട് വിശദീകരിക്കും. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമ്പോൾ പ്രത്യേക സമ്മേളനം വിളിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി വേണം. ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയുണ്ടാകും. ഇവരെ ഉൾപ്പെടുത്തി പുതിയ ടീമുണ്ടാക്കും. രാഷ്ട്രീയ നെക്സസിന്റെ ഭാഗമാകാത്ത നേതാക്കൾക്ക് പാർട്ടിയുമായി യോജിക്കാം. സി.പി.എമ്മിൽ നിന്ന് ഒരു ഹിന്ദു പുറത്തുപോയാൽ അവരെ സംഘിയാക്കും. മുസ്‌ലീമാണെങ്കിൽ സുഡാപ്പിയും ജമാഅത്തെ ഇസ്‌ലാമിയുമാക്കും.


Source link

Related Articles

Back to top button