മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് സൂചന, ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: സിനിമാമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ പരിഗണിക്കും. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഉൾപ്പെടെയുള്ള തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. സൂചനകൾ വിലയിരുത്തി കമ്മിറ്റിയിൽ മൊഴി നൽകിയ നടിമാരെയും ചലച്ചിത്ര പ്രവർത്തകരെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ മൊഴി നൽകിയവരിൽ കൂടുതൽ പേരും കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചെന്നാണ് സൂചന.
നിലവിൽ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ മേക്കപ്പ് മാനേജർക്ക് എതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ മൊഴിയിൽ തൃശൂർ കൊരട്ടി സ്വദേശിയായ സജീവനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞ മാസം 23നാണ് കേസെടുത്തത്. 2013-2014 കാലയളിവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജീവനെതിരെ ഐപിസി 354 ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
Source link