വാഷിംഗ്ടൺ: ഇസ്രയേലിനെതിരേ ഇറാൻ നടത്തിയത് നിഷ്ഫല ആക്രമണമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ പൂർണ പിന്തുണ ഇസ്രയേലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആക്രമണത്തെ പരാജയപ്പെട്ടതും ഫലശൂന്യവുമെന്ന് ബൈഡൻ വിശേഷിപ്പിച്ചു. വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രയേലിനെ അമേരിക്ക സഹായിച്ചതായും ബൈഡൻ പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരായ ആക്രമണം ഈ വസ്തുതയെ കൂടുതൽ തെളിയിക്കുന്നതായും കമല കൂട്ടിച്ചേർത്തു. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രയേലിനെ സഹായിക്കാനും മിസൈലുകൾ വെടിവച്ചു വീഴ്ത്താനും ബൈഡൻ യുഎസ് സൈന്യത്തിനു നിർദേശം നൽകിയിരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.
ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇസ്രയേൽ നൽകുന്ന വിവരം. ഭൂരിഭാഗം മിസൈലുകളും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് നശിപ്പിക്കപ്പെട്ടെങ്കിലും ചിലത് ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് എസ്. റൈഡർ പറഞ്ഞു. എന്നാൽ ഇറാന്റെ ആക്രമണത്തിൽ ബൈഡൻ ഭരണകൂടത്തെ കുറ്റപ്പെടുത്തി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുകയാണു ബൈഡൻ ഭരണകൂടമെന്നു ട്രംപ് വിമർശിച്ചു. എന്താണ് സംഭവിക്കുന്നതെന്നു ബൈഡനോ കമലയ്ക്കോ അറിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
Source link