ഗുരുദേവനും ഗാന്ധിജിയും തമ്മിൽ ഗുരുശിഷ്യ ബന്ധം: സ്വാമി സച്ചിദാനന്ദ

ശിവഗിരി: ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിൽ ഗുരു ശിഷ്യ ബന്ധമായിരുന്നുവെന്ന ക്രൈസ്തവ ദാർശനികൻ പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തയുടെ അഭിപ്രായം ശരിയാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 154-ാമതു ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടന്ന ഗുരുദേവ – ഗാന്ധി സമാഗമ ശതാബ്ദി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. സന്ദർശന സമയത്ത് ഗുരുദേവൻ സത്യദർശിയും ഗാന്ധിജി സത്യാന്വേഷകനുമായിരുന്നു. ഗാന്ധി ഇംഗ്ലീഷിലും ഗുരുദേവൻ മലയാളത്തിലുമാണ് സംസാരിച്ചത്. പക്ഷേ ഗുരുദേവന് ഭാഷ തടസമായില്ലെന്നും സ്വാമി പറഞ്ഞു.
ശിവഗിരിയിൽ ദൈവദശകം സെമിനാർ ഹാളിൽ നടന്ന സമ്മേളനത്തിൽ സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശാരദാനന്ദ, ഗുരു ധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, വൈദികാചാര്യൻ സ്വാമി ശിവനാരായണതീർത്ഥ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, ഗുരുധർമ്മ പ്രചാരണ സഭാ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ എന്നിവർ പ്രസംഗിച്ചു. താണുവൻ ആചാരി ഗുരുദേവ – ഗാന്ധി സമാഗമ കവിത അവതരിപ്പിച്ചു.
ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിജിയും ശിവഗിരിയിൽ സമാഗമിച്ചതിന്റെ 100-ാം വാർഷികം 2025 മാർച്ച് 12 ന് പൂർത്തിയാകും. ശതാബ്ദി വിപുലമായി കേരളത്തിലും പുറത്തും സംഘടിപ്പിക്കുമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ പറഞ്ഞു.
ഫോട്ടോ
ശിവഗിരിയിൽ നടന്ന ഗുരുദേവ – ഗാന്ധി സമാഗമ ശതാബ്ദി സ്മൃതി സമ്മേളനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ശിവനാരായണതീർത്ഥ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അസംഗാനന്ദഗിരി എന്നിവർ സമീപം
Source link