മാലിന്യം വലിച്ചെറിയൽ മുക്ത സംസ്ഥാനമാക്കും: മുഖ്യമന്ത്രി, ബ്രഹ്മപുരം സംഭവം കണ്ണുതുറപ്പിച്ചു

കൊല്ലം: മാലിന്യപ്രശ്നം ശ്രദ്ധിക്കേണ്ട വിഷയമാണെന്ന് ഓർമ്മപ്പെടുത്തിയത് ബ്രഹ്മപുരത്തെ തീപിടിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ നിർമ്മാർജ്ജനത്തിന് സമഗ്ര കാമ്പയിൽ വേണമെന്ന് അതോടെ നിശ്ചയിച്ചു. അതാണ് മാലിന്യമുക്ത നവകേരളം പദ്ധതിക്ക് തുടക്കം കുറിക്കാൻ ഇടയാക്കിയത്.
2025 മാർച്ച് 30ന് സമ്പൂർണ വലിച്ചെറിയൽ മുക്ത സംസ്ഥാനമായി മാറാനാണ് ലക്ഷ്യമിടുന്നത്. മാലിന്യ സംസ്കരണം ഓരോ പൗരന്റെയും സംസ്കാരമെന്ന നിലയിൽ വളർത്തിയെടുക്കണം.
മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കരയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി. മന്ത്രി എം.ബി.രാജേഷ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ കിറ്റുകളുടെ വിതരണവും എം.സി.എഫിൽ കൺവയർബെൽറ്റ്, സോർട്ടിംഗ് ടേബിൾ, ഡി ഡസ്റ്റർ എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു.
മന്ത്രി കെ.ബി.ഗണേശ് കുമാർ ഹരിത ടൂറിസം കൈപ്പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി ജെ.ചിഞ്ചുറാണി ‘ശുചിത്വത്തിന്റെ കുഞ്ഞു ഹീറോസ്’ കോഫി ടേബിൾ ബുക്കിന്റെയും ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം” പുസ്തകത്തിന്റെയും പ്രകാശനവും നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, നവകേരളം കർമ്മപദ്ധതി കോ ഓഡിനേറ്റർ ഡോ. ടി.എൻ.സീമ, തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, ദിവ്യ എസ്.അയ്യർ എന്നിവർ സംസാരിച്ചു. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് സ്വാഗതവും നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓഡിനേറ്റർ എസ്.ഐസക് നന്ദിയും പറഞ്ഞു. കൊട്ടാരക്കര പുലമൺ തോട് പുനരുജ്ജീവന പ്രഖ്യാപനവും സമഗ്ര കൊട്ടാരക്കര പ്രവർത്തന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
ഓരോ ടൗൺ വീതം
മാലിന്യമുക്തമാക്കണം
നവംബർ ഒന്നിന് ഓരോ തദ്ദേശ സ്ഥാപനങ്ങളും ഒരു ടൗൺ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉറവിടത്തിൽ തന്നെ ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ചെടുക്കുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യാം. ജനുവരി 26ന് മുമ്പ് മറ്റ് ടൗണുകളും മാലിന്യമുക്തമാക്കണം.
Source link