രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ചു; ജപ്പാൻ വിമാനത്താവളത്തിനു കേടുപാട്
ടോക്കിയോ: രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ നിർമിത ബോംബ് ജപ്പാനിലെ വിമാനത്താവളത്തിൽ പൊട്ടിത്തെറിച്ചു. വടക്കുപടിഞ്ഞാറൻ ജപ്പാനിലെ ക്യുഷു ദ്വീപിലെ മിയാസാക്കി വിമാനത്താവളത്തിൽ ഇന്നലെ രാവിലെ പ്രാദേശികസമയം എട്ടോടെയായിരുന്നു സംഭവം. 226 കിലോ ഭാരമുള്ള ബോംബാണു പൊട്ടിത്തെറിച്ചതെന്ന് പോലീസും സ്വയം പ്രതിരോധ സേനയും അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വിമാനത്താവളത്തിലെ ടാക്സിവേയിൽ 23 അടി താഴ്ചയുള്ള ഗർത്തം രൂപപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തെത്തുടർന്ന് 80 വിമാനസർവീസുകൾ റദ്ദാക്കി. സർവീസുകൾ ഇന്നു രാവിലെ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനം നടക്കുന്പോൾ റൺവേയിൽ വിമാനങ്ങളൊന്നുമില്ലാതിരുന്നതിനാലാണു വൻ ദുരന്തം ഒഴിവായതെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം 1943ൽ വ്യോമസേനാ പരിശീലന ആവശ്യത്തിനായി നിർമിച്ച വിമാനത്താവളമാണിത്. പിന്നീട് പലകുറി വിമാനത്താവളത്തിൽ നവീകരണപ്രവർത്തനം നടത്തിയപ്പോൾ ബോംബ് അറിയാതെ ഉള്ളിലകപ്പെടുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസ് സൈന്യം വർഷിച്ച പൊട്ടാത്ത നിരവധി ബോംബുകൾ പ്രദേശത്ത് മുന്പ് കണ്ടെത്തിയിരുന്നു. ജപ്പാനിൽ പലയിടത്തുനിന്നും ഇപ്പോഴും രണ്ടാം ലോകമഹായുദ്ധകാലത്തു വർഷിച്ച ബോംബുകൾ കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 41 ടൺ ഭാരം വരുന്ന 2348 ബോംബുകളാണു കണ്ടെത്തി നിർവീര്യമാക്കിയത്.
Source link