ജറൂസലെം: ഇറാന്റെ മിസൈൽ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകാനൊരുങ്ങി ഇസ്രയേൽ. ഇറാന്റെ എണ്ണക്കിണറുകളും ആണവകേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളും ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാനാണ് ഇസ്രേലി സേന തയാറെടുക്കുന്നത്. അമേരിക്കയുടെ സഹായത്തോടെയായിരിക്കും ഇസ്രയേലിന്റെ സൈനികനീക്കം. ഇന്നലെ പ്രതിരോധമന്ത്രിയുമായും സൈനികതലവന്മാരുമായും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നെതന്യാഹു ഇന്നലെ ടെലിഫോണിൽ ചർച്ച നടത്തി. ഇറാൻ ചെയ്ത വലിയ തെറ്റിനു വില നല്കേണ്ടി വരുമെന്ന് നെതന്യാഹു മുന്നറിയിപ്പു നൽകിയിരുന്നു. ചൊവ്വാഴ്ചത്തെ മിസൈൽ ആക്രമണത്തിനു തിരിച്ചടി നലൽകാൻ ഇസ്രയേൽ ശ്രമിച്ചാൽ അതിനുള്ള മറുപടി കൂടുതൽ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി ഭീഷണി മുഴക്കി. ഇറേനിയൻ മിസൈൽ ആക്രമണത്തിൽ ചെറിയ തോതിലുള്ള നാശമാണ് ഉണ്ടായതെന്ന് ഇസ്രയേൽ അറിയിച്ചു. വ്യോമതാവളങ്ങൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ വിമാനങ്ങൾക്കോ ഡ്രോണുകൾക്കോ കേടുപാടുണ്ടായില്ലെന്നും രണ്ടു നാട്ടുകാർക്കു പരിക്കേറ്റുവെന്നും ഇസ്രയേൽ അധികൃതർ പറഞ്ഞു.
അതേസമയം, ഇസ്രയേലിനു കനത്ത തിരിച്ചടി നൽകാൻ കഴിഞ്ഞുവെന്നാണ് ഇറാന്റെ അവകാശവാദം. 90 ശതമാനം മിസൈലുകളും ലക്ഷ്യം കണ്ടെന്നും ഇറാൻ വാദിക്കുന്നു. ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തിനു പകരംവീട്ടുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ചൊവ്വാഴ്ച ഇസ്രയേലിലേക്ക് 181 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പ്രയോഗിച്ചത്. ഇറാൻ തൊടുത്ത മിസൈലുകൾ മിക്കവയും പ്രതിരോധിച്ചത് അമേരിക്കൻ യുദ്ധക്കപ്പലുകളിലെ മിസൈൽവേധ സംവിധാനമാണെന്നു റിപ്പോർട്ടുണ്ട്. ഇന്നലെ തെക്കൻ ലബനനിൽ ഇസ്രയേൽ-ഹിസ്ബുള്ള കരയുദ്ധം രൂക്ഷമായി. എട്ട് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. ഇവരെല്ലാം 21-23 പ്രായത്തിലുള്ളവരാണ്. ലബനിൽ ആദ്യമായാണ് ഇസ്രേലി സൈനികർ കൊല്ലപ്പെടുന്നത്. ഇസ്രേലി സേന 400 മീറ്റർ ഉള്ളിലേക്കു പ്രവേശിച്ചെന്ന് ഹിസ്ബുള്ള സമ്മതിച്ചു. തെക്കൻ ലബബനിലെ 25 അതിർത്തിഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇന്നലെ ഇസ്രേലി സേന ഉത്തരവിട്ടു.
Source link