വള്ളികുന്നം: കാഞ്ഞിരത്തുംമൂട് ജംഗ്ഷനിലെ എസ്.ബി.ഐ എ.ടി.എമ്മിൽ കവർച്ചാശ്രമം. മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കറുത്ത ഷർട്ടും മാസ്കും ധരിച്ച് സ്കൂട്ടറിലെത്തിയ യുവാവ്, കമ്പിപോലുള്ള ആയുധം ഉപയോഗിച്ച് എ.ടി.എമ്മിലെ കീബോർഡിന്റെ ഭാഗം കുത്തിപ്പൊളിച്ച് പണം കവരാനാണ് ശ്രമിച്ചത്. മെഷീന്റെ കവർ ഇളക്കിയതും തെഫ്റ്ര് അലാം മുഴങ്ങി. ഇതോടെ മോഷ്ടാവ് സ്കൂട്ടറിൽ രക്ഷപ്പെട്ടു.
ബാങ്കിന്റെ മുംബയ് ഓഫീസിൽ സന്ദേശമെത്തിയതോടെ വിവരം വള്ളികുന്നം പൊലീസ് സ്റ്റേഷനിലറിയിച്ചു. തുടർന്ന് പൊലീസെത്തി എ.ടി.എം കൗണ്ടറിൽ പരിശോധന നടത്തി. എ.ടി.എം സീൽ ചെയ്ത പൊലീസ് സംഘം, ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവെത്തിയ സ്കൂട്ടറിന്റെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ബാങ്കിനോട് അനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് കൗണ്ടർ പ്രവർത്തിക്കുന്നത്.
Source link