ദേശീയപാത വികസനം ഉണ്ടാകുമ്പോൾ ഇങ്ങനെയൊരു തൊന്തരവ് ജനങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല, അവസ്ഥ പരമദയനീയം

ദേശീയപാത 66 വികസനം ഇഴഞ്ഞിഴഞ്ഞ് നീങ്ങുമ്പോൾ അതുവഴിയുള്ള യാത്രയും ദുരിത പൂർണമാവുകയാണ്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും പോകുന്ന യാത്രക്കാർ പലപ്പോഴും മണിക്കൂറുകളോളം ചിലവഴിച്ചാണിപ്പോൾ ലക്ഷ്യ സ്ഥാനത്തെത്തുന്നത്. ചിലർ റോഡ് യാത്ര ഉപേക്ഷിച്ച് ട്രെയിനെ ആശ്രയിക്കുമ്പോൾ മറ്റുചിലർ എം.സി റോഡ് അടക്കമുള്ള റോഡുകളെയുമാണ് ആശ്രയിക്കുന്നത്.

ഇടവിട്ട് പെയ്യുന്ന മഴയാണ് റോഡ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്നാണ് ദേശീയപാത അതോറ്റിറ്റി അധികൃതർ പറയുന്നതെങ്കിലും സമയബന്ധിതമായി റോഡ് വികസനം മുന്നോട്ട് നീങ്ങാത്തതിനാൽ വിവിധയിടങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ പെട്ട് നട്ടംതിരിയുകയാണ് വാഹനങ്ങളും യാത്രക്കാരും. പനവേൽ- കന്യാകുമാരി പാത ആറുവരിയാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിൽ കാസർകോട് അതിർത്തിയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ 660 കിലോമീറ്ററിലാണ് വികസനം. കഴക്കൂട്ടം മുതൽ കാരോട് വരെ നേരത്തെ നിർമ്മാണം പൂർത്തിയായിരുന്നു. കേന്ദ്ര പദ്ധതിയായ റോഡ് വികസനം കേരളത്തിൽ 45 മീറ്റർ വീതിയിലാണ്. വിവിധ റീച്ചുകളായി തിരിച്ച് വ്യത്യസ്ഥ കമ്പനികളാണ് നിർമ്മാണം നടത്തുന്നതെങ്കിലും അരൂർ മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗത്ത് 50 ശതമാനം നിർമ്മാണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല.

2025 മാർച്ചിൽ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് കരാർ നൽകിയതെങ്കിലും കരാർ കാലാവധി പിന്നീട് ദീർഘിപ്പിച്ച് 2025 ഡിസംബർ വരെയാക്കിയിട്ടുണ്ട്. ആ കാലാവധിയിലും നിർമ്മാണം പൂർത്തിയാകുമോ എന്ന ആശങ്കയാണിപ്പോൾ ഉയരുന്നത്. അത്യാധുനിക നിർമ്മാണോപകരണങ്ങളുപയോഗിച്ച് ഏറ്റവും ആധുനിക രീതിയിലാണ് നിർമ്മാണമെങ്കിലും ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇരുവശങ്ങളിലും സർവീസ് റോഡുകളും മദ്ധ്യത്തിൽ പ്രധാന റോഡുകളുടെയും നിർമ്മാണം പലയിടത്തും പല ഘട്ടങ്ങളിലാണ്. പ്രധാന ജംഗ്ഷനുകളിലെല്ലാം മേൽപ്പാലം നിർമ്മിച്ച് ഇരുവശത്തും മണ്ണിട്ട് ഉയർത്തിയാണ് പ്രധാന റോഡിന്റെ നിർമ്മാണം. സർവീസ് റോഡിന്റെ ഒരുവശത്ത് ഓടയുടെ നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. മേൽപ്പാലങ്ങളുടെ നിർമ്മാണം പല ജംഗ്ഷനുകളിലും പാതിവഴിയിലാണ്. മണ്ണിട്ടുയർത്തേണ്ട ഭാഗങ്ങളിലെ നിർമ്മാണം 6 മാസത്തോളം വൈകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

ഒരു തട്ട് മണ്ണ് നിരത്തിയാൽ അത് ഉറച്ച ശേഷമേ അതിനു മുകളിൽ മണ്ണിടാൻ കഴിയൂ. അല്ലെങ്കിൽ റോഡ് ഭാവിയിൽ ഇരുത്താനോ ഇടിയാനോ സാദ്ധ്യതയുണ്ട്. സർവീസ് റോഡുകൾ, പാലങ്ങൾ, അടിപ്പാതകൾ, മേൽപ്പാലങ്ങൾ, ഓട നിർമ്മാണം, യൂട്ടിലിറ്റി കോറിഡോർ എന്നിവയുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. ഇപ്പോഴത്തെ അവസ്ഥ ഇതൊക്കെയാണെങ്കിലും റോഡ് വികസനം പൂർത്തിയാകുന്നതോടെ കേരളവികസനത്തിൽ നാഴികക്കല്ലായി മാറും. നാളിതുവരെ കടുത്ത ഗതാഗതകുരുക്കിൽ വലഞ്ഞിരുന്ന ടൗണുകളെല്ലാം വാഹനതിരക്കിൽ നിന്ന് മുക്തമാകും. പ്രധാന ടൗണുകളിൽ നിന്ന് മാറിയാണ് പലയിടത്തും പാത കടന്നുപോകുന്നതെന്നതിനാൽ ദീർഘദൂര യാത്രക്കാർക്ക് ഏറെ സമയലാഭവും ഉണ്ടാകും. വിനോദ സഞ്ചാര വികസനവും സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊല്ലം, ആലപ്പുഴ,ആറ്റിങ്ങൽ ബൈപാസുകൾ

കൊല്ലം, ആലപ്പുഴ ബൈപാസുകൾ 6 വരിയാക്കുകയും ആറ്റിങ്ങൽ ബൈപാസ് പുതുതായി നിർമ്മിക്കുകയും ചെയ്യുന്ന ജോലികൾ ഇതോടൊപ്പം പുരോഗമിക്കുകയാണ്. കൊല്ലം ബൈപാസിൽ അഷ്ടമുടിക്കായലിനു മുകളിലായി രണ്ട് വലിയ പാലങ്ങൾ, നീണ്ടകരയിലും ഇത്തിക്കരയിലും നിലവിലുള്ള പാലത്തിന് സമാന്തരമായി രണ്ട് വീതം പാലങ്ങളുടെയും പൈലിംഗും തൂണുകളും നിർമ്മാണം പൂർത്തിയായി. മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയാണിനി ശേഷിക്കുന്നത്. ആറ്റിങ്ങൽ ബൈപാസിന്റെ 50 ശതമാനത്തിലേറെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിർമ്മാണം പുരോഗമിക്കുന്ന 12.75 കിലോമീറ്റർ നീളമുള്ള അരൂർ- തുറവൂർ എലിവേറ്റഡ് പാതയാണ് മേഖലയിലെ ഏറ്റവും വലിയ നിർമ്മാണം.

ഗതാഗത കുരുക്കിൽ വലഞ്ഞ്…

നിർമ്മാണം പുരോഗമിക്കുന്ന മിക്കയിടത്തും സർവീസ് റോഡുകളിലൂടെയാണ് ഇരുഭാഗത്തേക്കുമുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. കനത്ത മഴയിൽ സർവീസ് റോഡുകൾ മിക്കയിടങ്ങളിലും തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇവിടങ്ങളിൽ പലപ്പോഴും ഗതാഗതക്കുരുക്കിൽ പെട്ട് വാഹനങ്ങൾ കിടക്കുന്നത് പതിവാണ്. വീതിയില്ലാത്തതിനാൽ പിന്നിൽവരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് കയറാനാകില്ല. പ്രധാന ജംഗ്ഷനുകളിലെല്ലാം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും ഇപ്പോൾ പതിവാണ്. വാഹനത്തിരക്കേറിയ രാവിലെയും വൈകുന്നേരവുമാണ് കുരുക്ക് അതിരൂക്ഷമാകുന്നത്. ബസ് യാത്രക്കാർക്ക് ഇതുമൂലം കൃത്യസമയത്ത് ഓഫീസിലെത്താനോ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്താനോ കഴിയുന്നില്ല.

മറ്റാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുടെയും സ്ഥിതി ഇതാണ്. അരൂർ മുതൽ തുറവൂർ വരെയും തിരിച്ചുമുള്ള പാതയിൽ രാവിലെയും വൈകിട്ടും സർവീസ് റോഡിലെ കുരുക്ക് മണിക്കൂറുകളാണ് നീളുന്നത്. കനത്ത മഴയിൽ സർവീസ് റോഡ് വെള്ളക്കെട്ടായാൽ പറയുകയും വേണ്ട. തുറവൂരിൽ നിന്ന് വൈറ്റില വരെ തിരക്ക് കുറഞ്ഞ സമയമാണെങ്കിൽ പരമാവധി 45 മിനിറ്റിൽ എത്താവുന്ന ദൂരമാണ്. എന്നാൽ രാവിലെയും വൈകിട്ടും അരൂർ- തുറവൂർ ഭാഗത്തെ 12.75 കിലോമീറ്റർ ദൂരം കടക്കാൻ രണ്ടു മണിക്കൂറിലേറെ വേണ്ടി വരും. സർവീസ് റോഡരികിലുള്ള കച്ചവടക്കാരുടെ കാര്യമാണ് ഇതിലേറെ ദയനീയം. സ്ഥാപനങ്ങളിലേക്ക് വാഹനങ്ങളിൽ വരുന്നവരുടെ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ല.

മഴക്കാലത്ത് ചെളിവെള്ളം അടിച്ചു കയറുമെങ്കിൽ വെയിലടിച്ചാൽ പൊടിപൂരത്താലാണ് ബുദ്ധിമുട്ട് നേരിടുന്നത്. പൊടിശല്യം മൂലം പല സ്ഥാപനങ്ങളും താത്ക്കാലികമായി അടച്ചിട്ട നിലയിലുമാണ്. പ്രധാന റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയ സ്ഥലങ്ങളിൽ അതിലൂടെ വാഹനങ്ങൾ കടത്തി വിടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അതും നടപ്പായിട്ടില്ല. ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടാൽ ചിലയിടങ്ങളിലെങ്കിലും ഗതാഗതകുരുക്ക് ഒഴിയുമായിരുന്നു.

അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമം

തോരാത്ത മഴ കൂടാതെ അസംസ്കൃത വസ്തുക്കളായ മണ്ണ്, മെറ്റൽ എന്നിവയുടെ ക്ഷാമവും നിർമ്മാണം വൈകുന്നതിന് പ്രധാന കാരണമായി ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നു. ഈ വർഷം നാലു മാസമായി മഴയാണ്. നിലവിലെ കരാർ പ്രകാരം 2025 ജൂണിൽ പൂർത്തിയാക്കണമെന്നാണ്. എന്നാൽ കരാർ കാലാവധി 6 മാസം കൂടി നീട്ടി നൽകിയിട്ടുണ്ട്. ഈ കാലയളവിൽ നിർമ്മാണം പൂർത്തിയാക്കാനായില്ലെങ്കിൽ കരാർ കമ്പനികൾ ദേശീയപാത അതോറിറ്റിക്ക് പിഴയൊടുക്കേണ്ടി വരും. പിഴയൊടുക്കി നഷ്ടം വരുത്താൻ കമ്പനികൾ ആഗ്രഹിക്കാത്തതിനാൽ സമയബന്ധിതമായി പണി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ 2025 ഡിസംബറോടെ കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ ദേശീയപാത 66 ന്റെ വികസനം യാഥാർത്ഥ്യമാകും.


Source link
Exit mobile version