‘യൂട്യൂബ് ചാനൽ ഉഷാറാക്കും, ലോറിക്ക് അർജുൻ എന്ന് പേരിടും’; ആരെയും പേടിയില്ലെന്ന് ലോറിയുടമ മനാഫ്

കോഴിക്കോട്: തെറ്റ് ചെയ്തിട്ടില്ലെന്നും അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും ലോറിയുടമ മനാഫ്. അർജുന്റെ കുടുംബം എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മനാഫ്.
‘യൂട്യൂബ് ചാനലിൽ ഇഷ്ടമുളളത് ഇടും.സത്യമായിട്ട് ഇതൊന്നും അറിയില്ല. എന്നെ വിശ്വസിക്കാം. ഞാൻ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ നടുറോഡിൽ നിൽക്കാം. നിങ്ങൾക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം. തെളിയിക്കണെങ്കിൽ തെളിയിക്കാം. ഇപ്പോഴാണ് ഞാൻ അറിയുന്നത്. നിരന്തരമായി ഫോണുകൾ വരികയാണ്. ഇനി യൂട്യൂബ് ചാനൽ ഉഷാറാക്കും. എന്റെ ലോറിക്ക് അർജുൻ എന്ന് പേരിടും. എനിക്കാരെയും പേടിയില്ല. ഞാൻ വേറെ ലെവലാണ്. ഈ വൈകാരികത വച്ചിട്ടാണ് ജനഹൃദയങ്ങളിലേക്ക് അർജുൻ എത്തിയത്.
അത് വൈകാരികത തന്നെയാണ്. എന്റെ കുടുംബമായിട്ട് അർജുന്റെ കുടുംബത്തെ കണ്ടതിൽ എന്താണ് തെറ്റ്?ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് മനസിലാകുന്നില്ല. അർജുന്റെ അമ്മ എന്റെയും അമ്മയാണ്. അവർ എന്നെ തളളിപ്പറഞ്ഞോട്ടെ. അവർക്കൊരു ആവശ്യം വന്നാൽ ഞാൻ അവരോടൊപ്പം ഉണ്ടാകും. യൂട്യൂബ് ചാനൽ തുടങ്ങുന്നത് തെറ്റാണോ? ഒരു അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. ഞാൻ ഫേമസ് ആയിട്ടില്ല. അവന്റെ ചിത അടങ്ങിയിട്ടില്ല. എന്തിനാണ് എന്നെ ക്രൂശിക്കുന്നത്. ഞാൻ ചെയ്തത് നിലനിൽക്കും’- മനാഫ് പറഞ്ഞു.
Source link