മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ പേരിൽ ഹിന്ദു പത്രത്തിൽ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവർക്ക് മുമ്പിൽ അപകീർത്തിപ്പെടുത്തുന്നതുമാണ് എന്ന് പരാതിയിൽ പറയുന്നു.

അഭിമുഖത്തിലെ പരാമർശങ്ങൾ തന്റേതല്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മുന്നോട്ടുവരികയും അദ്ദേഹം പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തിട്ടുണ്ടെന്ന് ഹിന്ദു പത്രം വിശദീകരണം നൽകുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഭിമുഖം ഏർപ്പാടാക്കിയ കൈസൻ പിആർ ഏജൻസി എംഡി, ഹിന്ദു പത്രം എഡിറ്റർ, ഹിന്ദു പത്രം ഡെപ്യൂട്ടി എഡിറ്റർ എന്നിവർക്കെതിരെയും കേസെടുക്കണം എന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ അഭിമുഖം സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾക്ക് വഴിവച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധിപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തെറ്റിദ്ധാരണകൾക്കും അക്രമങ്ങൾക്കും കാരണക്കാരായ മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനും പിആർ ഏജൻസിക്കുമെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി പരാതി നൽകിയിരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗമായ മുസ്ലീങ്ങൾ കൂടുതലുള്ള ജില്ലയാണ് മലപ്പുറം. ജില്ലക്കെതിരായും ന്യൂനപക്ഷത്തിനെതിരായും നടക്കുന്ന ദുഷ്‌പ്രചാരങ്ങൾക്ക് ആക്കം കൂട്ടുന്ന പ്രസ്‌താവനകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഒരു പിആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണത്തിനാണോ ശ്രമിക്കുന്നത് എന്ന സംശയമുണ്ടെന്ന് കാണിച്ചാണ് മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് പരാതി നൽകിയിരിക്കുന്നത്.


Source link
Exit mobile version