നവഭാവങ്ങളെ വർണിക്കുന്ന നവരാത്രി, അറിയാം ഇക്കാര്യങ്ങൾ
നവഭാവങ്ങളെ വർണിക്കുന്ന നവരാത്രി | Significance of navarathri | ജ്യോതിഷം | Astrology | Manorama Online
നവഭാവങ്ങളെ വർണിക്കുന്ന നവരാത്രി, അറിയാം ഇക്കാര്യങ്ങൾ
ശ്രീദേവി നമ്പ്യാർ
Published: October 02 , 2024 02:14 PM IST
1 minute Read
സർവമംഗളമംഗല്യയും സർവാർഥസാധികയുമാണു പരാശക്തി.
Photo Credit : Maadurgagraphic / Shutterstock.com
ഒൻപതുദിനരാത്രങ്ങൾ, ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കുപോലെ മനസ്സു തിളക്കിയെടുക്കാനുള്ള 9 ദിവസങ്ങൾ. ഭക്തിയായും സ്നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസ്സിലേക്കെത്തിക്കാനുള്ള 9 നാളുകൾ. നവരാത്രിയെന്നത് ഒൻപതുരാത്രികളാണെങ്കിലും നവം, അഥവാ പുതിയതെന്ന അർഥത്തിൽ പുതിയ 9 ദിനരാത്രങ്ങൾ കൂടിയാണ്. മനസ്സിലെ കന്മഷവും കളങ്കങ്ങളും കഴുകിക്കളഞ്ഞു സ്ഫടികസമാനമായ തിളക്കം ആവാഹിക്കാനുള്ള ദിവസങ്ങൾ.
എന്താണു നവരാത്രി?
ശകവർഷ കലണ്ടർ പ്രകാരം ആശ്വിന മാസത്തിലെ വെളുത്തപക്ഷ പ്രഥമയ്ക്കാണു നവരാത്രി ആരംഭം. ആദിശക്തിയായി ആരാധിക്കപ്പെടുന്ന ദുർഗാദേവിയുടെ വിവിധ രൂപങ്ങളുടെയും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെയും കഥകളുമാണ് നവരാത്രിയുടെ ആധാരം. മഹിഷാസുരനും ചണ്ഡമുണ്ഡന്മാരും മധുവും കൈടഭനും ശുംഭനിശുംഭന്മാരും രക്തബീജനുമൊക്കെ ഉൾപ്പെടുന്ന ആസുരശക്തികളെ നിഗ്രഹിക്കാൻ പരാശക്തി അവതാരങ്ങൾ കൈക്കൊണ്ടുവെന്നു ദേവീ മാഹാത്മ്യത്തിൽ വിശദമാക്കുന്നു. മഹിഷാസുര മർദിനീ സ്ത്രോത്രത്തിലും ഇതുസംബന്ധിച്ച പരാമർശങ്ങളുണ്ട്.
മന്ത്രിമാരുടെ ഗൂഢാലോചനയാൽ വനത്തിലേക്കു പലായനം ചെയ്യേണ്ടിവന്ന സുരഥൻ എന്ന ചക്രവർത്തിക്കും ബന്ധുക്കളാൽ വഞ്ചിതനായ സമാധി എന്ന വ്യാപാരിശ്രേഷ്ഠനും ദേവിയുടെ നവാവതാരചരിത്രം മേധസ്സ് എന്ന മുനി പറഞ്ഞുകൊടുക്കുന്നതാണു ദേവീമാഹാത്മ്യം. ഇതു മാർക്കാണ്ഡേയ മുനി തന്റെ ശിഷ്യർക്കു വിവരിച്ചത് 9 ദിവസങ്ങളിലായാണ്. ആ കാലയളവിന്റെ ഓർമയിലാണു നവരാത്രി ആവിർഭവിച്ചതെന്നും വിശ്വാസങ്ങളുണ്ട്. 700 ശ്ലോകങ്ങളടങ്ങുന്നതാണു ദേവീ മാഹാത്മ്യം. ഇതു ദുർഗാസപ്തശതിയെന്നും അറിയപ്പെടുന്നു.
മധുകൈടഭന്മാരുടെ നിഗ്രഹത്തിനു പരാശക്തി മായാകാളീരൂപമാണു സ്വീകരിച്ചത്. മഹിഷാസുരനെ വധിക്കാൻ ചണ്ഡികാസ്വരൂപത്തിലും. ശുംഭനിശുംഭന്മാരെയും ചണ്ഡമുണ്ഡന്മാരെയും വധിക്കാൻ മഹാസരസ്വതീ സ്വരൂപവും കൈക്കൊണ്ടു. എല്ലാ ശുഭകാര്യങ്ങളുടെയും മൂർത്തീരൂപമായാണു ദേവിയെ ഉപാസിക്കുന്നത്. ശിവന്റെ താരകരൂപവും ദേവിതന്നെയെന്നു ദേവീസ്തോത്രങ്ങളിലും പറയുന്നു.സർവമംഗളമംഗല്യയും സർവാർഥസാധികയുമാണു പരാശക്തി. ത്രയംബകയായി മൂന്നുനേത്രങ്ങളാൽ പ്രഭചൊരിഞ്ഞ്, അഭയവരദായിനിയാണെന്നു സർവമംഗള മംഗല്യേ ശിവേ സർവാർഥ സാധികേ എന്ന സ്ത്രോത്രത്തിൽ കുറിക്കുന്നു. ആദിശക്തിയുടെ രൂപങ്ങൾക്കു പൂക്കളർപ്പിക്കുന്നതു നവരാത്രിദിവസങ്ങളിൽ നല്ലതാണെന്നു പറയുന്നു.
മുല്ലപ്പൂവാണു ദുർഗാദേവിയുടേതായി കണക്കാക്കുന്നത്. താമരയിൽ ലക്ഷ്മീദേവിയും. ദേവിക്കു കുങ്കുമവും ഏറെ പ്രിയമാണ്.രാവണനെ നിഗ്രഹിക്കുന്നതിനു മുൻപു ശ്രീരാമചന്ദ്രനും നവരാത്രി വ്രതം ആചരിച്ചിരുന്നുവെന്നു രാമായണത്തിൽ പരാമർശമുണ്ട്. വ്രതസമാപ്തിക്കുശേഷം ശ്രീരാമൻ ലങ്കആക്രമിച്ചു സീതാദേവിയെ വീണ്ടെടുത്തതു നവരാത്രിക്കു ശേഷം ദീപാവലിയായി ആഘോഷിക്കുന്നു. ആദ്യമൂന്നുദിനം തമോഗുണം കുറയ്ക്കാൻ മഹാകാളിയേയും പിന്നീടു മൂന്നുദിനം സത്വഗുണവർധനയ്ക്കായി മഹാലക്ഷ്മിയെയും പിന്നീടുള്ള മൂന്നുദിനം വിദ്യാഗുണവർധനയ്ക്കായി സരസ്വതീദേവിയെയും ആരാധിക്കുന്നതാണു പൊതുവേ നവരാത്രിയിലെ ക്രമം. എല്ലാ ദേവതകൾക്കും സ്ഥൂലം, സൂക്ഷ്മം എന്നു രണ്ടു തരം രൂപമുണ്ട്. മഹാലക്ഷ്മി ഈ രണ്ടു രൂപത്തോടും കൂടിയ മായാശബള ബ്രഹ്മസ്വരൂപിണിയും ത്രിഗുണാത്മികയും പതിനാറു കലകളോടും കൂടിയ പൂർണയുമാണ്.
ദേവി ബ്രഹ്മസ്വരൂപിണി കൂടിയാണ്. ലോകരക്ഷയ്ക്കായി ഒരേ ശക്തി തന്നെ കർമത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തീർന്നതാണ്. ശുദ്ധമായ സത്വഗുണരൂപിണിയായ മഹാസരസ്വതി വിദ്യാദേവതയുമാണ്. അഷ്ടമി സന്ധ്യയ്ക്കു ദുർഗയെയും നവമിയിൽ ലക്ഷ്മിയും സരസ്വതിയും ദുർഗയും ആയി മഹിഷാസുരമർദിനിയെയും ദശമിയിൽ അറിവിന്റെ ദേവതയായ സരസ്വതിയെയും ആരാധിക്കുന്നു. വിജയദശമിദിനത്തിൽ കുറിക്കുന്നത് അറിവില്ലായ്മയുടെയും അന്ധതയുടെയും അവസാനം കൂടിയാണ്. അക്ഷരമെന്ന നാശമില്ലാത്ത പാലത്തിലൂടെ വിജ്ഞാനത്തിന്റെ, അറിവിന്റെ നേരിന്റെ നിറവെളിച്ചത്തിലേക്കുള്ള യാത്രയാണു നവരാത്രി.
30fc1d2hfjh5vdns5f4k730mkn-list mo-astrology-navaratri mo-astrology-devi 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 6n5kocqpuktp72bo6liop01bjp mo-astrology-durga-puja mo-astrology-pooja
Source link