‘കേരളത്തിലെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ല, ആക്രമണത്തിന് പിന്നിൽ രാഷ്‌ട്രീയ അജണ്ട’; മന്ത്രി റിയാസ്

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പലരും അഭിമുഖം ആവശ്യപ്പെട്ട് സമീപിച്ചിട്ടും സമയക്കുറവ് കാരണം അദ്ദേഹം നൽകിയിട്ടില്ല എന്നും റിയാസ് പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഹമ്മദ് റിയാസിന്റെ വാക്കുകൾ;

ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ കേരളത്തിലുള്ള എല്ലാ മാദ്ധ്യമങ്ങളും മുഖ്യമന്ത്രിയുടെ അഭിമുഖം വളരെ താൽപ്പര്യത്തോടെ സ്വീകരിക്കുന്നവരാണ്. ഒരുപാട് മാദ്ധ്യമങ്ങൾ അഭിമുഖം ആവശ്യപ്പെട്ട് സമീപിച്ചിട്ടും സമയക്കുറവ് കാരണം മുഖ്യമന്ത്രി അഭിമുഖം നൽകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് അറിയാൻ സാധിച്ചത്. അങ്ങനെയുള്ള അദ്ദേഹത്തിന് ഒരു അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമില്ല എന്നത് വ്യക്തമാണ്. മറ്റ് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസാണ് വ്യക്തമാക്കേണ്ടത്.

മലപ്പുറം ജില്ലയിലെ ഒരു പ്രത്യേക മതവിഭാഗത്തെ അപമാനിച്ചു എന്നതാണ് ഇന്നലെ ഈ സമയം നിങ്ങൾ ചർച്ച ചെയ്‌തുകൊണ്ടിരുന്നത്. ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്ന് വരുന്നതാണ് ഇതെല്ലാം. യുഡിഎഫിന്റെ സ്ലീപ്പിംഗ് പാർട്‌ണറെ പോലെ ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നു. ഇത്തരം വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് കേരളത്തിലെ മുഖ്യമന്ത്രി. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ബിജെപി – ആർഎസ്‌എസ് കേന്ദ്രങ്ങളിൽ നിന്നും വലിയ ആക്രമണം അദ്ദേഹം നേരിട്ടിട്ടുണ്ട്. സഖാവിന്റെ തലയ്‌‌ക്ക് വരെ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.


Source link
Exit mobile version