ഡോ. സുധാ വാര്യർ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ റഷ്യൻ ഭാഷാ പണ്ഡിതയും താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവകലാശാലയിലെ ആദ്യ പി.എച്ച്.ഡി ബിരുദധാരിയുമായ വഴുതക്കാട് ഇ.വി.ആർ.എ 426ൽ ഡോ.സുധാ വാര്യർ (85) അന്തരിച്ചു. സ്വന്തം ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച ‘അനുകല്പനത്തിന്റെ ആട്ടപ്രകാരം” എന്ന കൃതിക്ക് 2001ൽ ചലച്ചിത്ര സംബന്ധിയായ മികച്ച കൃതിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. നോവലും ചെറുകഥകളും വിവർത്തനങ്ങളും അടക്കം 15ലേറെ കൃതികൾ രചിച്ചിട്ടുണ്ട്.
ഭർത്താവ്: പരേതനായ ഡോ.ജി.കെ.വാര്യർ. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ തിരുവിതാംകൂർ ചീഫ് ഇൻസ്പെക്ടർ ഒഫ് സ്കൂൾസ് ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റും കവിയുമായ എം.ആർ.കൃഷ്ണ വാര്യരുടെ പൗത്രിയാണ്. ആകാശവാണി തിരുച്ചിറപ്പള്ളി പ്രാദേശിക വാർത്താവിഭാഗം മുൻ മേധാവി ഡോ.കെ.പരമേശ്വരൻ, ചലച്ചിത്ര നിരൂപകയും സാഹിത്യകാരിയുമായ സുലോചന രാംമോഹൻ എന്നിവർ മക്കളാണ്. മരുമക്കൾ: സി.വി.രതി (റിട്ട. ബി.എസ്.എൻ.എൽ), പരേതനായ എസ്. രാംമോഹൻ (ചാർട്ടേഡ് അക്കൗണ്ടന്റ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.
Source link