നിലമ്പൂർ: അഭിമുഖത്തിലെ പരാമർശം പിആർ ഏജൻസി ഒപ്പിച്ച പണിയാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം പച്ച കള്ളമെന്ന് പിവി അൻവർ. പത്രം തെറ്റായിട്ടാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെങ്കിൽ അച്ചടിച്ച് വന്ന ദിവസം തന്നെ മുഖ്യമന്ത്രിയും ഓഫീസും ഇടപെടേണ്ടതായിരുന്നു. എന്നാൽ, 32 മണിക്കൂർ കഴിഞ്ഞ് വിവാദവും പ്രതിഷേധങ്ങളും ഉയർന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു നാടകം കളിച്ചതെന്നും അൻവർ ആരോപിച്ചു.
പിവി അൻവറിന്റെ വാക്കുകൾ:
മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുന്നതാണ് നല്ലത്. ഒരു റിയാസല്ല, നൂറ് റിയാസ് വന്ന് ന്യായീകരിച്ചാലും കേരളത്തിലെ ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറത്തെക്കുറിച്ച് പറഞ്ഞ, പത്രത്തിൽ വന്ന കാര്യങ്ങൾ അതിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കൃത്യമായി പറഞ്ഞതാണ്. വിവാദമായതിന് ശേഷം മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളമെന്നും കോഴിക്കോട് വിമാനത്താവളമെന്നും ഉപയോഗിച്ച് തുടങ്ങി.
മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് രാജ്യം മുഴുവൻ അറിയാൻ വേണ്ടിയാണ് ഹിന്ദു പത്രത്തിന് ഡൽഹിയിൽ വച്ച് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. അതുവഴി ആർഎസ്‌എസ് – ബിജെപി കേന്ദ്രങ്ങളിൽ ഇത് ചർച്ചയാകണമെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചു.
മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിന്റെ റെക്കോഡ് പുറത്തുവിടാൻ ദ ഹിന്ദു തയ്യാറാകണം. ഇതൊരു ശക്തമായ ഗൂഡാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിനൊക്കെ ശേഷിയുള്ളവരുണ്ട്. അവർ ആർഎസ്‌എസ് നേതൃത്വവുമായി ആലോചിച്ചാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകിയത്.
ഞാൻ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നാളെയാണ് റിപ്പോർട്ട് നൽകേണ്ടത്. പക്ഷേ, അവർ ഇന്നലെയാണ് എന്റെ അടുക്കൽ മൊഴിയെടുക്കാനെത്തിയത്. ഇന്നലെ വൈകിട്ട് എസ്‌ഐടി സംഘം ഇവിടെ വന്നു. മൊഴി തരില്ലെന്ന് പറഞ്ഞു. ഈ നാടകത്തിന് നിന്നുകൊടുക്കാൻ ഞാൻ തയ്യാറല്ല. ഞാൻ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കും. മതേതരത്വം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷ്‌ട്രീയ പാർട്ടിയാകും രൂപീകരിക്കുക.
സിപിഎമ്മില്‍ നിന്ന് ഒരു ഹിന്ദു പുറത്തുപോയാല്‍ അവരെ സംഘിയാക്കും. മുസ്ലിമാണെങ്കില്‍ ‘സുഡാപ്പി’യും ജമാഅത്തെ ഇസ്ലാമിയുമാക്കും. ആ പാർട്ടിയിൽ നിന്ന് വിട്ടുപോകുകയോ ബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്ക് സിപിഎം ചാർത്തിക്കൊടുക്കുന്ന പേരുകളാണ്. അതുകൊണ്ട് മാപ്ലയായ എനിക്ക് അവർ പേര് ചാർത്തുമെന്ന കാര്യം ഉറപ്പല്ലേ. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയ്യാറാക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി മത്സരിക്കും.
Source link