ബിരിയാണി കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാറുണ്ടോ,​ ബസ്‌മതി അരിയുടെ പാക്കറ്റുകൾ തിരിച്ചുവിളിച്ച് മുൻനിര കമ്പനി

മുംബയ് : ബസ്‌മതി അരിയുടെ വിതരണത്തിൽ രാജ്യത്തെ മുൻനിരക്കാരായ കെ.ആർ.ബി.എൽ തങ്ങളുടെ ഒരു കിലോഗ്രാം അരി പാക്കറ്റുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ഇന്ത്യാ ഗേറ്റ് പ്യുവർ ബസ്മതി റൈസ് ഫീസ്റ്റ് റോസാന സൂപ്പർ വാല്യു പായ്ക്ക് ആണ് കമ്പനി തിരിച്ചുവിളിച്ചത്. അരിയിൽ അനുവദനീയമായതിൽ കൂടുതൽ കീടനാശിനിയുടെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

കെ.ആർ.ബി.എൽ തിരിച്ചുവിളിച്ച പാക്കറ്റുകളിൽ രണ്ടുതരം കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തയാമെത്തോക്സം,​ ഐസോപ്രൂട്ടുറോൺ എന്നിവയാണ് അവ. ഇത് ഉള്ളിൽ ചെന്നാൽ വൃക്കകളുടെയും കരളിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

ബസ്മതി അരിയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളും ഇന്ത്യയിലെ പ്രധാന വിതരണക്കാരുമാണ് കെ.ആർ.ബി.എൽ. തിരിച്ചുവിളിച്ച ഉത്പന്നങ്ങൾ എല്ലാം ഒരുമിച്ച് പാക്ക് ചെയ്തവയായിരുന്നു. ഒറ്റ ബാച്ചാണ് ഇവയെല്ലാം. മുന്നറിയിപ്പ് ലഭിച്ചയുടൻ തന്നെ ആ ബാച്ചിലെ പാക്കറ്റുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായി കെ.ആർ.ബി.എൽ വ്യക്തമാക്കി.

1.1 കിലോഗ്രാം വരുന്ന പാക്കറ്റുകൾ 2024 ജനുവരിയിൽ പാക്ക് ചെയ്തവയാണ്. ഇവയുടെ എക്സ്പയറി ഡേറ്റ് 2025 ഡിസംബറിൽ ആണ്. സംഭവത്തെത്തുടർന്ന്, ഇന്നലെ കമ്പനിയുടെ സ്റ്റോക്ക് 1.74 ശതമാനം ഇടിഞ്ഞു.


Source link
Exit mobile version