കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് ജനാധിപത്യധ്വംസനം: കെ.സുധാകരന്‍


കേരള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി ജനാധിപത്യധ്വംസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

2023 സെപ്റ്റംബര്‍ 4ന് അധികാരത്തില്‍ വന്ന ഭരണ സമിതിക്ക് അഞ്ചു വര്‍ഷം കാലാവധി ശേഷിക്കെ പിരിച്ചുവിട്ടത് ഏകാധിപത്യ ഫാസിസ്റ്റ് നടപടിയാണ്. അധികാരം ഉപയോഗിച്ച് ബാങ്കിന്റെ മുന്‍ ഭരണസമിതിയെ അട്ടിമറിച്ച ഇടതുപക്ഷ നീക്കത്തെ ദയനീയമായി പരാജയപ്പെടുത്തിയാണ് യുഡിഎഫ് ഭരണസമിതി വലിയ ഭൂരിപക്ഷത്തില്‍ കേരള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഭരണം പിടിച്ചെടുത്തത്.ഇടതുപക്ഷം അധികാര ദുര്‍വിനിയോഗത്തിലൂടെ തുടര്‍ച്ചയായി ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണ്.

സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് ഭൂരിപക്ഷമുള്ള ഭരണസമിതികളെ പിരിച്ചുവിടുന്ന സര്‍ക്കാര്‍ നടപടി.വയനാട് ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട വൈത്തിരി ബാങ്കില്‍ നിന്നും വായ്പയെടുത്ത കര്‍ഷകരുടെ ഒരു കോടി അഞ്ചു ലക്ഷം രൂപ എഴുതിത്തള്ളാനുള്ള ഭരണസമിതി തീരുമാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാതെയാണ് പൊതുയോഗം അലങ്കോലപ്പെടുത്തിയത്. വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്ന പൊതുയോഗം കരുതിക്കൂട്ടി ഇടതുപക്ഷ പ്രതിനിധികള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു.

ഇടതുപക്ഷ സര്‍വീസ് സംഘടനാ നേതാവായ രജിസ്ട്രാറിന്റെ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് ജനാധിപത്യവിരുദ്ധമായ നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.യുഡിഎഫിന് ഭൂരിപക്ഷമുള്ള ഭരണസമിതികളെ വളഞ്ഞ വഴിയിലൂടെ പിരിച്ച് വിട്ട് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ തട്ടിപ്പും കൊള്ളയും നടത്തി തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഇതിനെ കോണ്‍ഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.സുധാകരന്‍ പറഞ്ഞു.


Source link
Exit mobile version