പദ്മനാഭപുരത്തു നിന്ന് ഘോഷയാത്ര പുറപ്പെട്ടു, നവരാത്രി വിഗ്രഹങ്ങൾക്ക് ഇന്ന് വരവേൽപ്പ്

പദ്മനാഭപുരം: അനന്തപുരിക്ക് നവരാത്രി പുണ്യം ചൊരിയാൻ വിഗ്രഹ ഘോഷയാത്ര ഇന്നലെ പദ്മനാഭപുരത്തു നിന്ന് പുറപ്പെട്ടു. കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക വിഗ്രഹങ്ങളാണ് എഴുന്നള്ളുന്നത്.
രാവിലെ 7.15ന് കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറി. പട്ടുവിരിച്ച പീഠത്തിലെ ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശനിൽ നിന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ചു.
മന്ത്രി വി.എൻ വാസവൻ വാൾ ഏറ്റുവാങ്ങി ആചാരപ്രകാരം കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാൻ പ്രഭാരാമകൃഷ്ണന് കൈമാറി. എം.എൽ.എ മാരായ സി.കെ ഹരീന്ദ്രൻ,എ. വിൻസന്റ്, കന്യാകുമാരി കളക്ടർ ആർ അളഗമീന, സബ്കളക്ടർ വിനയ് കുമാർ മീണ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി സുന്ദരേശൻ എന്നിവർ സന്നിഹിതരായിരുന്നു.
സരസ്വതി വിഗ്രഹത്തെ കൊമ്പനാന തിടമ്പേറ്റി. കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും പല്ലക്കിലാണ് എഴുന്നള്ളിച്ചത്. കേരള, തമിഴ്നാട് പൊലീസ് അഭിവാദ്യം അർപ്പിച്ചു. ഒൻപതരയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവിതാംകൂർ മഹാരാജാവ് അകമ്പടി പോകുന്നതിന്റെ പ്രതീകമായാണ് ദേവസ്വം ജീവനക്കാരൻ ഉടവാളുമായി സഞ്ചരിക്കുന്നത്.
ഇന്നലെ രാത്രി വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തി. ഇന്നു രാവിലെ കളിയിക്കാവിളയിൽ കേരള പൊലീസ്, റവന്യൂ, ദേവസ്വം അധികൃതർ ചേർന്ന് വരവേൽക്കും. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് വിശ്രമം. നാളെ വൈകിട്ട് ഘോഷയാത്ര തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതൽ വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിക്കും. സന്ധ്യയോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ വരവേൽക്കും. പദ്മതീർത്ഥത്തിലെ ആറാട്ടിനു ശേഷം സരസ്വതിദേവിയെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.
Source link