കൊച്ചി: പൊതുസ്ഥലത്തെ അനധികൃത ബോർഡുകൾ അടിയന്തരമായി നീക്കി പിഴയിടണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ തദ്ദേശഭരണ സെക്രട്ടറിമാർക്കാണ് ഉത്തരവാദിത്വം. നടപടിയെടുത്തില്ലെങ്കിൽ ഖജനാവിനുണ്ടായ നഷ്ടം തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് ഈടാക്കുമെന്നും കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പു നൽകി.
നിയമത്തെ പേടിയില്ലെന്ന ഉദ്യോഗസ്ഥ നിലപാട് തിരുത്താൻ ശക്തമായി ഇടപെടും. കൊച്ചിയിലെ പാതയോരങ്ങളിൽ നിന്ന് നീക്കിയവയ്ക്ക് പകരം അതേ ഏജൻസി തന്നെ നൂറുകണക്കിന് ബോർഡുകൾ വച്ചു. 20 ബോർഡുകൾക്കേ പിഴ ഈടാക്കിയുള്ളൂ. ആകെ ഒരു ലക്ഷം രൂപ മാത്രം. ഒരു ബോർഡിന് 5,000 രൂപ വച്ച് വൻതുക സർക്കാരിന് ലഭിക്കേണ്ടതായിരുന്നു.
പ്രമുഖ രാഷ്ട്രീയപ്പാർട്ടി അനുഭാവികളുടെ ബോർഡ് ആയതിനാലാണോ ഈ വിധേയത്വമെന്നും കോടതി ചോദിച്ചു. കോർപ്പറേഷൻ സെക്രട്ടറി അടിയന്തരമായി ഓൺലൈനിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും അഭിഭാഷക മുഖേന അസൗകര്യം അറിയിച്ചു. ബോർഡുകൾ ഉടൻ നീക്കി പിഴ ഈടാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഉത്തരവുകൾ ഗൗനിക്കാതെ വീണ്ടും ബോർഡുവച്ച ഏജൻസികളെ ബിസിനസ് തുടരാൻ അനുവദിക്കരുത്. ജനങ്ങൾക്കായി ഇടപെട്ടാൽ കോടതിയെ മോശക്കാരാക്കുന്ന സമീപനം നിലനിൽക്കുന്നുണ്ടെന്നും സിംഗിൾബെഞ്ച് പരാമർശിച്ചു.
‘കൊടുങ്ങല്ലൂരിൽ കോട്ട പൊലെ ഫ്ളക്സ്”
കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് ചുറ്റും കോട്ടമതിൽ പോലെയാണ് ഫ്ലക്സെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇവിടെ നഗരസഭാ സെക്രട്ടറി എന്ത് ചെയ്യുകയാണ്? ബോർഡുകൾ നീക്കി എത്ര തുക ഈടാക്കിയെന്നും, കുറ്റക്കാർക്കെതിരേ എത്ര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ അറിയിക്കണം. അല്ലാത്തപക്ഷം കൊടുങ്ങല്ലൂർ നഗരസഭാ സെക്രട്ടറി കോടതിയലക്ഷ്യ നടപടിയും പിഴയും നേരിടേണ്ടിവരും.
റോഡിലെ കുഴി: ജനത്തിന് ഇനി
ആരാശ്രയമെന്ന് ഹൈക്കോടതി
# പി.ഡബ്ളിയു.ഡിയോടും എൻ.എച്ച് അതോറിറ്റിയോടും വിശദീകരണം തേടി
കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥ ഒട്ടേറെ മരണങ്ങൾക്ക് ഇടയാക്കിയിട്ടും ഭരണസംവിധാനം നിസ്സംഗത പാലിക്കുന്നതിനെതിരെ ഹൈക്കോടതി. ഓരോ ജീവനും വിലപ്പെട്ടതാണെന്നും കണ്ണടച്ച് ഇരുട്ടാക്കാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനോടും ദേശീയ പാതാ അതോറിറ്റിയോടും വിശദീകരണം തേടി..
പൊതുമരാമത്ത് വകുപ്പിന് കീഴിൽ അനേകം എൻജിനീയർമാരും ഉദ്യോഗസ്ഥരും ഉണ്ടായിട്ടും റോഡിലെ കുഴികളുടെ കാര്യത്തിൽ പരിഹാരമാകുന്നില്ല. പരമാവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും കോടതി നിർദ്ദേശങ്ങൾ മാനിക്കുന്നുണ്ടെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ, അപക ടമരണങ്ങളുടെ റിപ്പോർട്ടുകൾ വന്നിട്ടും കോടതിയുടെ പല ഉത്തരവുകളുണ്ടായിട്ടും ഒന്നും നടക്കുന്നില്ല. തങ്ങൾക്ക് ആരാണ് ഇനി ആശ്രയമെന്ന് ജനം ചിന്തിച്ചാൽ തെറ്റുപറയാനാകില്ല..
തൃശൂർ - കുന്നംകുളം റോഡിലെ കുഴിയിൽ വീണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയർ പൊട്ടിയിരുന്നു. മറ്റ് രണ്ട് ജഡ്ജിമാർക്കും സമാന അനുഭവമുണ്ടായി.. ഇത്തരം അപകടങ്ങളിൽ മരിച്ചവരും പരിക്കേറ്റവരും ഒട്ടേറെയുണ്ട്. അപകടസാദ്ധ്യത സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ പോലുമില്ല. വാഹനങ്ങൾ റോഡ് ടാക്സും സെസ്സും അടയ്ക്കുന്നതല്ലേ?.. അപകടങ്ങൾ സംബന്ധിച്ച മാദ്ധ്യമ റിപ്പോർട്ടുകൾ ശേഖരിക്കുന്നുണ്ട്. റോഡുകളുടെ കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകളാണ് ലഭിക്കുന്നത്.. ഉദ്യോഗസ്ഥർക്ക് ഒഴിവുകഴിവുകൾ പറയാനുണ്ട്. സ്വന്തം പരിധിയിലെ റോഡുകൾ മരണക്കളമാകുന്നത് അവർ കണ്ടില്ലെന്നു നടിക്കുന്നു. ഇനിയും ഇടപെട്ടില്ലെങ്കിൽ കോടതികളെ ചരിത്രം പരാജയമായി വിലയിരുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച കോടതിയുടെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്ന് ഗവ. പ്ലീഡർ ഉറപ്പു നൽകി.
തൃശൂർ കളക്ടർ
കാരണം അറിയിക്കണം
തൃശൂർ - കുന്നംകുളം റോഡിന്റെ കാര്യത്തിൽ രണ്ട് പൊതുമരാമത്ത് ജീവനക്കാരെ നേരത്തേ സസ്പെൻഡ് ചെയ്തതാണെന്ന് സർക്കാർ അറിയിച്ചു. എന്നാൽ അതിന് ശേഷം വന്നവർക്കും ഒന്നും ചെയ്യാനായിട്ടില്ലെന്ന് കോടതി പറഞ്ഞു. കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ തൃശൂർ കളക്ടർ ഒരാഴ്ചയ്ക്കകം കാരണം ബോധിപ്പിക്കണം. അരൂർ - തുറവൂർ ഫ്ലൈഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട്, തകർന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണിയുടെ പുരോഗതിയും അടുത്തയാഴ്ച അറിയിക്കണം.
Source link