പാർട്ടിയും മുഖ്യമന്ത്രിയും എല്ലാം പറയുമെന്ന് പി. ശശി
കണ്ണൂർ: പി.വി. അൻവറിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയും മുഖ്യമന്ത്രിയും എല്ലാം പറയുമെന്ന് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പറഞ്ഞു. അൻവറിനെതിരെ നിയമനടപടി സ്വീകരിക്കും. പാർട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ല. അൻവർ എന്തും പുറത്ത് വിട്ടോട്ടെ. അൻവർ അക്രമിച്ചാലും കുഴപ്പമില്ല. നിങ്ങൾ എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്നായിരുന്നു മാദ്ധ്യമങ്ങളോട് ശശിയുടെ ചോദ്യം. കൂടുതൽ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേർത്തു. കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശശിയുടെ പ്രതികരണം.
പ്രസ്താവനയിൽ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രി: മന്ത്രി രാജൻ
മലപ്പുറത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തത വരുത്തേണ്ടത് അദ്ദേഹം തന്നെയാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. എഡി.ജി.പിയെ എന്തുകൊണ്ട് മാറ്റുന്നില്ലെന്ന് മാറ്റാത്തവരോട് ചോദിക്കണം. എഡി.ജി.പിയെ മാറ്റണമെന്ന് സി.പി.ഐയാണ് ആവശ്യപ്പെട്ടത്. പ്രളയ സഹായത്തിന് കേരളത്തിന് അർഹതയുണ്ട്. അത് കേരളത്തിന്റെ അവകാശമാണ്. ഇതുവരെ ഒരു സഹായവും കേന്ദ്രത്തിൽനിന്ന് കിട്ടിയിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് ആറാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ നന്മ വച്ച് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷയെന്നും കെ. രാജൻ പറഞ്ഞു.
അൻവറിന്റെ കാര്യം കൂടിയാലോചിക്കണം: കുഞ്ഞാലിക്കുട്ടി
ഭരണകക്ഷി എം.എൽ.എയുടെ തുറന്ന് പറച്ചിൽ യു.ഡി.എഫിൽ സ്വാഭാവികമായും ചർച്ചയാകുമെന്നും അൻവറിനോടുള്ള നിലപാട് കൂടിയാലോചിക്കേണ്ടതാണെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്നതരം പ്രസ്താവന മുഖ്യമന്ത്രിയുടെ പേരിൽ പി.ആർ ഏജൻസി നൽകുമ്പോൾ ഗൗരവം വർദ്ധിക്കുന്നു. മുഖ്യമന്ത്രിക്ക് നാക്കുപിഴ വന്നതാണെങ്കിൽ പ്രശ്നം തീരുമായിരുന്നു. പക്ഷേ, പി.ആർ ഏജൻസി ചെയ്തതാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ പി.ആർ.ഏജൻസിയെ പഴി ചാരുന്നതിൽ കാര്യമില്ല. നടപടിയാണ് വേണ്ടത്. ഒരു ജനവിഭാഗത്തെ തീവ്രവാദിയാക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്ന് വടകര തിരഞ്ഞെടുപ്പിൽ നാം കണ്ടതാണ്. വർഗ്ഗീയത പരത്തുന്നവർക്ക് വഴിമരുന്ന് ഇടരുതെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി തന്നെ ഇപ്പോൾ ഇതിന് കാരണമാവുന്നു. അൻവർ പറഞ്ഞതെല്ലാം സത്യമാണെന്നും തന്റെ പാർട്ടി ഇക്കാര്യങ്ങൾനേരത്തെ ഉന്നയിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി മറുപടി പറയണം: ഗവർണർ
മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ തലസ്ഥാനത്ത് എത്തിയ ഉടൻ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പാലക്കാട് പറഞ്ഞു. മലപ്പുറം കേന്ദ്രീകരിച്ച് സ്വർണക്കടത്തും രാജ്യവിരുദ്ധ പ്രവർത്തനവും നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് അത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടാകണം. പിന്നെ എന്തുകൊണ്ട് അവർക്കെതിരെ സർക്കാർ നടപടി എടുക്കുന്നില്ല. സ്വർണക്കടത്തിന്റെ വഴികളെക്കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്. ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമി യു.ഡി.എഫ് സ്ലീപ്പിംഗ് പാർട്ണർ: മന്ത്രി റിയാസ്
ന്യൂനപക്ഷ വർഗീയത ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിന്റെ സ്ലീപ്പിംഗ് പാർട്ണറാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഉൾപ്പെടെ വിവാദമാക്കിയതിന് പിന്നിൽ ജമാഅത്തെയാണ്.
മലപ്പുറത്താണ് കൂടുതൽ സ്വർണക്കടത്തെന്ന് മുഖ്യമന്ത്രി ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ പ്രസ്താവന വിവാദമാക്കിയത് രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ്. വിമാനത്താവളം മലപ്പുറത്ത് ആയതിനാലാണ് കൂടുതൽ കേസ് അവിടെ വരുന്നത്. സ്വർണം കടത്തുന്നതിൽ മറ്റുജില്ലക്കാരും പുറത്ത് നിന്നുള്ളവരുമുണ്ട്. മലപ്പുറത്തെ മോശമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല. എന്ത് പറഞ്ഞുവെന്നത് മുഖ്യമന്ത്രി തന്നെ വിശദീകരിക്കും. ബി.ജെ.പി വിരുദ്ധ മനസുകളിൽ പിണറായി വിജയനെ ന്യൂനപക്ഷ വിരുദ്ധനാക്കി മാറ്റാനാണ് ശ്രമം.
യു.ഡി.എഫ് - ജമാ അത്തെ ഇസ്ലാമി - കനഗോലു സഖ്യം ന്യൂനപക്ഷ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിൽ ആർ.എസ്.എസ് തലയ്ക്ക് ഇനാം പ്രഖ്യാപിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇനിയും അധികാരം ലഭിച്ചില്ലെങ്കിൽ യു.ഡി.എഫിനു മുന്നോട്ടു പോകാൻ സാധിക്കില്ല. അതിനാണ് അവർ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്നത്.
Source link