ബെയ്റൂട്ട്: ലബനനിൽ പ്രവേശിച്ച ഇസ്രേലി കരസേനയും ഹിസ്ബുള്ള ഭീകരരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ തുടങ്ങിയിട്ടില്ലെന്നു റിപ്പോർട്ട്. ലബനനിലെ കുറച്ചുഭാഗത്തേക്കു മാത്രമേ ഇസ്രേലി സേന കടന്നിട്ടുള്ളൂവെന്ന് ചില വൃത്തങ്ങൾ സൂചിപ്പിച്ചു. നേരിട്ട് ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്ന് ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. അതേസമയം, ഇരുവിഭാഗവും വ്യോമാക്രമണം തുടരുന്നു. ഹിസ്ബുള്ളകൾ ഇസ്രയേലിലേക്ക് റോക്കറ്റുകളും ഡ്രോണും തൊടുത്തു. ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനവും ഹിസ്ബുള്ളകൾ ലക്ഷ്യമിട്ടു. ഇസ്രേലി യുദ്ധവിമാനങ്ങൾ ബെയ്റൂട്ടിലേത് അടക്കമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ബോംബിട്ടു. ഒഴിഞ്ഞുപോകണം തെക്കൻ ലബനനിലെ 25 ഗ്രാമങ്ങളിലുള്ളവർ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന ആവശ്യപ്പെട്ടു. ഉടൻതന്നെ വടക്കുഭാഗത്തുള്ള അവാലി നദിഭാഗത്തേക്കു പോകാനാണു നിർദേശം. ലബനീസ് ജനതയെ ദ്രോഹിക്കാൻ ഉദ്ദേശ്യമില്ലെന്ന് ഇസ്രേലി സേനാ വക്താവ് അവിച്ചായ് അദ്രായി സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഹിസ്ബുള്ളകൾ സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന ഏതു വീടും ഇസ്രയേൽ ലക്ഷ്യമിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രേലി സേന ലബനനിൽ കടന്നിട്ടില്ല: ഹിസ്ബുള്ള ലബനനിൽ കടന്നുവെന്ന ഇസ്രേലി സേനയുടെ അവകാശവാദം തെറ്റാണെന്ന് ഹിസ്ബുള്ളകൾ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രേലി സേനയും ഹിസ്ബുള്ളയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലുണ്ടായിട്ടില്ല. നേരിട്ടുള്ള ഏറ്റുമുട്ടലിന് ഹിസ്ബുള്ളകൾ തയാറാണ്.
യുഎൻ സേനയെ അറിയിച്ചു അധിനിവേശ പദ്ധതിയെക്കുറിച്ച് ഇസ്രയേൽ തിങ്കളാഴ്ച അറിയിച്ചതായി ലബനനിൽ വിന്യസിച്ചിട്ടുള്ള യുഎൻ സമാധാന സേന പറഞ്ഞു. സംഘർഷം വർധിപ്പിക്കാതെ പിന്മാറാൻ ഇരുകൂട്ടരും തയാറാകണം. അധിനിവേശം ലബനന്റെ പരമാധികാരത്തിന്റെയും യുഎൻ പ്രമേയത്തിന്റെയും ലംഘനമാകുമെന്ന് സേന ഓർമിപ്പിച്ചു. മാസങ്ങളായി ഓപ്പറേഷൻ ഇസ്രേലി സേന മാസങ്ങളായി ലബനനിൽ ഓപ്പറേഷൻ നടത്തുന്നതായി സൈനിക വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ഡസൺ കണക്കിനു തവണ നടത്തിയ ഓപ്പറേഷനുകളിൽ ഹിസ്ബുള്ളയുടെ ആയുധങ്ങളും തുരങ്കങ്ങളും നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 10 ലക്ഷം അഭയാർഥികൾ ചരിത്രത്തിലെ ഏറ്റവും വലിയ അപകടഘട്ടത്തെയാണ് ലബനൻ നേരിടുന്നതെന്ന് നജീബ് മിക്കാത്തി. ലബനനിലുടനീളം പത്തു ലക്ഷം പേർ അഭയാർഥികളായി. യുഎൻ ഏജൻസികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Source link